യുഡിഎഫ് 'കൈ' കൊടുത്തില്ല; നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്; സിപിഐ നേതാവ് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി; നാട്ടികയില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ മുന്‍ സിപിഐ നേതാവ്
തൃശ്ശൂര്‍: നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്. സി.പി.ഐയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് മുകുന്ദന്‍ എന്‍.ഡി.എ പാളയത്തിലെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ 'നമോ ഭവനില്‍' വെച്ച് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായി സി.സി. മുകുന്ദന്‍ തന്നെ നാട്ടികയില്‍ ജനവിധി തേടാനാണ് സാധ്യത. ബിജെപി ഓഫീസിലെത്തി സിസി മുകുന്ദന്‍ ബിജെപി അംഗത്വം നേടി.
സിപിഐ വിട്ട മുകുന്ദന്‍ ആദ്യം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് താല്‍പ്പര്യപ്പെട്ടത്. കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സുനില്‍ ലാലൂരിനെ സ്വന്തം സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. മുകുന്ദന്‍ വിമതനായി നില്‍ക്കുന്നത് വോട്ട് ഭിന്നിപ്പിക്കാനും യുഡിഎഫിനെ സഹായിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഈ സാഹചര്യം മുതലെടുത്ത ബിജെപി, മുന്‍ വൈക്കം എംഎല്‍എ കെ. അജിത്ത് വഴി നടത്തിയ ചര്‍ച്ചകളാണ് മുകുന്ദന്റെ ബിജെപി പ്രവേശനം വേഗത്തിലാക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും ബിജെപിക്കൊപ്പം പോകാനാണ് മുകുന്ദന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
സിപിഐ മണ്ഡലത്തില്‍ ഗീത ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് മുകുന്ദനെ ചൊടിപ്പിച്ചത്. ഗീത ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' ആണെന്നും പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും മുകുന്ദന്‍ പരസ്യമായി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ സിപിഐ പുറത്താക്കിയത്. പതിറ്റാണ്ടുകളായി നാട്ടികയിലെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള മുകുന്ദന്റെ മാറ്റം ഇടതുകോട്ടയില്‍ വലിയ വിള്ളലുണ്ടാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ജനകീയനായ ഒരു നേതാവിനെ തന്നെ ലഭിച്ചതോടെ നാട്ടികയില്‍ അട്ടിമറി വിജയം ലക്ഷ്യമിടുകയാണ് ബിജെപി. അതേസമയം, സിപിഐ സ്ഥാനാര്‍ത്ഥി ഗീത ഗോപിക്കെതിരെ മുകുന്ദന്‍ ഉന്നയിച്ച പെയ്മെന്റ് സീറ്റ് ആരോപണങ്ങള്‍ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കും.