ഇന്നലെ ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രി എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായി; ഇയാള്‍ എന്താണ് വിചാരിക്കുന്നത്; ഇയാള്‍ രാജാവ് ആണെന്നാണോ; ഞാന്‍ നികൃഷ്ടജീവി എന്ന് വിളിച്ചില്ല; പരനാറി എന്ന് വിളിച്ചില്ല; എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല; മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് വീണ്ടും ചെന്നിത്തല; പോര് മുറുകും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടജീവിയെന്നോ പരനാറിയെന്നോ അല്ല വിളിച്ചതെന്നും, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചതെന്നും ചെന്നിത്തല. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും, അതിന്റെ പേരിലാണ് ഇത്രയും ബഹളമുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാജാവാണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്നും ചെന്നിത്തല. തിരുവന്തപുരത്ത് ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുന്നതിനിടെയാണ് ചെന്നിത്തല, 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. ഇതിനെതിരേ സഭയില്‍ വലിയ തരത്തിലുളള വാക്ക്‌പോരാണ് അരങ്ങേറിയത്. 'ഇടയ്ക്കിടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോരാ, നാടിന്റെ പ്രശ്‌നം അറിയണം' എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് ചെന്നിത്തല ചോദിക്കുന്നു. താന്‍ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അദ്ദേഹത്തെ വിളിച്ചില്ല. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കഴിഞ്ഞദിവസം 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് വിളിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചത്. ചെന്നിത്തലയുടെ ഈ വിശദീകരണത്തിന മുഖ്യമന്ത്രി മറുപടി നല്‍കുമോ എന്നതാണ് നിര്‍ണ്ണായകം. ഏതായാലും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ രാഷ്ട്രീയ ആക്രമണം സിപിഎം ശക്തമാക്കും.
മുഖ്യമന്ത്രിക്ക് അര്‍ഥം മനസിലാവാഞ്ഞിട്ടാണ് പ്രകോപിതനായതെന്ന് രമേശ് ചെന്നിത്തല നേരത്തെയും വിശദീകരിച്ചിരുന്നു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് അര്‍ഥം. മുഖ്യമന്ത്രിക്ക് അത് മനസിലാകാത്തതിന് ഞാനെന്ത് ചെയ്യാനെന്ന് ചെന്നിത്തല ചോദിച്ചു. നിയമസഭയില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, വി.ഡി.സതീശനെ ചെറുതാക്കി കാണിക്കാനാണ് രമേശ് ചെന്നിത്തല ആ പ്രയോഗം നടത്തിയതെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചിരുന്നു.
രമേശ് ചെന്നിത്തലയുടെ പുതിയ വിശദീകരണം ഇങ്ങനെ
''ടാര്‍പോളിന്‍ പൊളിച്ചുകഴിഞ്ഞാല്‍ ആശ വര്‍ക്കര്‍മാരുടെ സമരം ഇല്ലാതാകുമെന്നാണ് അവരുടെ ധാരണ. അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണ്. ടാര്‍പോളിന്‍ അല്ല ഇനി കസേര എടുത്തുകൊണ്ടുപോയാലും നിങ്ങളോടൊപ്പം ഞങ്ങളും ഈ സ്ഥലത്തുണ്ടാകും. സമരങ്ങളോട് പുച്ഛമുള്ള കമ്മ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത്. സമരങ്ങളോട് അലര്‍ജിയാണ് ഇവര്‍ക്ക്. ഇവര്‍ എന്തെല്ലാമാണ് പറയുന്നത്, ഈര്‍ക്കില്‍ പാര്‍ട്ടിയാണ് നിങ്ങളെന്ന്, ഈര്‍ക്കില്‍ പാര്‍ട്ടിയല്ലെന്ന് ഇന്നലെ കാണിച്ചുകൊടുത്തല്ലോ അല്ലേ. ബക്കറ്റ് പിരിവ് നടത്തി ജീവിക്കുന്ന പാര്‍ട്ടിയുടെ ആളുകളെന്ന് പറഞ്ഞു. നിങ്ങളെ കീടങ്ങളെന്ന് വിളിച്ചു. സുരേഷ്ഗോപി വന്നപ്പോള്‍ നിങ്ങള്‍ക്ക് ഉമ്മ തന്നില്ലാ എന്നതാണ് പരാതി. എന്തെല്ലാം വൃത്തികേടുകളാണ് വിളിച്ചുപറയുന്നത്. ഈ വൃത്തികേടുകള്‍ പറഞ്ഞ് ഈ സമരത്തെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നതെങ്കില്‍ സര്‍വശക്തിയും ഉപയോഗിച്ച് അതിനെ നേരിടുക തന്നെ ചെയ്യും. നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളെല്ലാവരും ഒപ്പമുണ്ട്.
സി.ഐ.ടി.യുവിന്റെ സമരത്തിലുള്ളത് ആശവര്‍ക്കര്‍മാരല്ല, തൊഴിലുറപ്പ് തൊഴിലാളികളാണ്. അവരെയെല്ലാം തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയവരാണ്. സമരം ചെയ്യുന്ന എല്ലാവരെയും പിരിച്ചുവിട്ടുകളയുമെന്നാണ് ഇപ്പോള്‍ ഭീഷണി. എത്രകാലം ഈ ഭീഷണി നില്‍ക്കും. എത്രകാലം ഈ നടപടി തുടരും. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും കാണിക്കാത്ത നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ നിയമസഭാ മാര്‍ച്ച് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന മാര്‍ച്ചായിരുന്നു. അതില്‍ തൊഴിലുറപ്പ് തൊഴിലാളികളോ അങ്കണവാടി ഹെല്‍പ്പര്‍മാരോ ഉണ്ടായിരുന്നില്ല. ഐ.ഡി. കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് നിങ്ങള്‍ സമരംചെയ്തത്. നിങ്ങളുടെ സമരം ന്യായമാണ്. ഈ സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്നത് വരെ ഈ സമരവുമായി മുന്നോട്ടുപോകണം. കേരളത്തിന്റെ മുഖ്യമന്ത്രി, രാജാവ് ആണെന്നാണോ ഇയാളുടെ വിചാരം.
ഇന്നലെ ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രി എന്നുവിളിച്ചപ്പോള്‍ തന്നെ രോഷമായി. ഇയാള്‍ എന്താണ് വിചാരിക്കുന്നത്, ഇയാള്‍ രാജാവ് ആണെന്നാണോ. ഞാന്‍ നികൃഷ്ടജീവി എന്ന് വിളിച്ചില്ല, പരനാറി എന്ന് വിളിച്ചില്ല, എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല. ഞാന്‍ മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. ഇന്നലെ വലിയ ബഹളമായിരുന്നു അദ്ദേഹം. ഒരുകാര്യം പറയട്ടെ, ഇദ്ദേഹത്തിന്റെ അഹങ്കാരവും ധിക്കാരവും ആശ വര്‍ക്കര്‍മാരോട് വേണ്ട എന്ന് നിങ്ങളുടെ സമരം തെളിയിക്കുകയാണ്. സമരത്തിന് എല്ലാവിധ പിന്തുണയും നേരുന്നു. ഇതുമൂന്നാമത്തെ തവണയാണ് ഞാന്‍ ഇവിടെ വരുന്നത്. ഇനി മുന്നൂറുതവണ വരേണ്ടിവന്നാലും നിങ്ങളോടൊപ്പം ഉണ്ടാകും.
കഴിഞ്ഞ ദിവസം നിയമസഭയില്‍ സംഭവിച്ചത്
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്നു തുടര്‍ച്ചയായി സംബോധന ചെയ്ത് ലഹരി വ്യാപനത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ രോഷാകുലനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച പുതിയ തലത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ നിയമസഭയില്‍ വാക്‌പോരും അരങ്ങേറി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ചു കുറ്റാരോപണം നടത്തി വരികയായിരുന്നു രമേശ്. സംബോധന ഏതാനും തവണ ആവര്‍ത്തിച്ചപ്പോള്‍ പെട്ടെന്നു പ്രകോപിതനായി മുഖ്യമന്ത്രി ചാടിയെണീല്‍ക്കുകയായിരുന്നു. ''മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ച് ഓരോന്നു പറയുന്നു. നാടിന്റെ പ്രശ്‌നം എന്തെന്നു മനസിലാക്കി പറയണം'' - മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി പറഞ്ഞു.
സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു വായിക്കാനല്ല തങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. ''നിങ്ങളെ കുറ്റപ്പെടുത്തും. നിങ്ങളാണു കേരളത്തിന്റെ മുഖ്യമന്ത്രി. നിങ്ങളാണ് ആഭ്യന്തരമന്ത്രി''-സതീശന്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അത്ര മോശമാണോ എന്നും സതീശന്‍ ചോദിച്ചു. കഴിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു പിന്നിലേക്കു പോകേണ്ടെന്നും നോട്ടീസില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആവശ്യപ്പെട്ടു. താന്‍ എന്തു സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അനാവശ്യമായ കാര്യങ്ങള്‍ പറയാനാണോ ഈ അവസരം ഉപയോഗിക്കേണ്ടതെന്നു മുഖ്യമന്ത്രി ചോദിച്ചു. ഒന്പതു വര്‍ഷത്തെ ഭരണത്തിലുണ്ടായ ക്രമസമാധാന തകര്‍ച്ചയേക്കുറിച്ചു പറയുകതന്നെ ചെയ്യുമെന്ന് രമേശ് പറഞ്ഞു.
സമൂഹം ഒട്ടാകെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കുറ്റപ്പെടുത്തി.ലഹരി വ്യാപനത്തെക്കുറിച്ചും വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളെക്കുറിച്ചും സഭ നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തോളം വരുന്ന കാലാവധിയില്‍ പരോള്‍ നല്‍കിയതും പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ മന്ത്രി മാലയിട്ടു സ്വീകരിച്ചതുമെല്ലാം പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി രോഷത്തോടെ പ്രതികരിച്ചത്.