പി.ആര്‍.ഡി പ്രവര്‍ത്തിക്കുന്നത് എ.കെ.ജി സെന്ററില്‍; സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി തരംതാഴ്ന്നു; ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നു; വിവാദ പരസ്യത്തിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല

പി.ആര്‍.ഡി പ്രവര്‍ത്തിക്കുന്നത് എ.കെ.ജി സെന്ററില്‍

Update: 2026-03-05 12:05 GMT

തിരുവനന്തപുരം: പിആര്‍ഡി നല്‍കിയ വിവാദ പരസ്യത്തിനെതിരെ ആഞ്ഞടിച്ചു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്നും പി.ആര്‍.ഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എ.കെ.ജി സെന്ററിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി പി.ആര്‍.ഡി തരംതാഴ്ന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്‌കരിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുമാണ് കോടിക്കണക്കിന് രൂപ മുടക്കി പി.ആര്‍.ഡി ഇപ്പോള്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് പത്തുവര്‍ഷം മുമ്പത്തെ കാര്യങ്ങള്‍ പറഞ്ഞ് നുണപ്രചാരണം നടത്തുന്നത്. ഈ പരസ്യങ്ങള്‍ തയാറാക്കി നല്‍കുന്നത് ദേശാഭിമാനിയാണ്. സ്‌പോണ്‍സേഡ് ആണെന്നോ, പി.ആര്‍.ഡിയുടെ പരസ്യമാണെന്നോ വ്യക്തമാക്കാതെ വാര്‍ത്തയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത് നല്‍കിയിരിക്കുന്നത്. പി.ആര്‍.ഡി ഡയറക്ടര്‍ വിനീത വിധേയനായി എ.കെ.ജി സെന്ററിലെ ദാസ്യവേല ചെയ്യുന്നു. ഈ നിയമവിരുദ്ധ നടപടിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഭാവിയില്‍ ഇതിന് മറുപടി പറയേണ്ടി വരും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. അതേസമയം, സര്‍ക്കാരിന്റെ ഈ പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറാവാത്ത മാധ്യമങ്ങളുടെ ധാര്‍മികതയെ അഭിനന്ദിക്കുന്നു.

63 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അഴിമതിയില്ലാത്തതും ജനസമ്മതനുമായ ജി. സുധാകരനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരസ്യമായി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായി എതിര്‍ചേരിയിലാണെങ്കിലും ജി. സുധാകരനെതിരെ പ്രതിപക്ഷം പോലും ഇന്നുവരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ വ്യക്തിയാണ്. 63 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. സ്വന്തം കുടുംബത്തില്‍ ഒരു രക്തസാക്ഷി വരെയുണ്ട്. ആ കുടുംബത്തില്‍പ്പെട്ട അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി അവഹേളിച്ച നടപടി ഒരിക്കലും ശരിയല്ല.

സുധാകരനുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണ്. പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടന്നത്. കൃത്യസമയത്ത് കുറ്റപത്രം നല്‍കാത്തതാണ് പ്രതികള്‍ക്ക് തുണയായത്. പി.കെ. ശശിയെ സംബന്ധിച്ച് അദ്ദേഹം ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News