'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വര്‍ഗ്ഗീയ ധ്രുവീകരണ നീക്കം; വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഗുരുതര ചട്ട ലംഘനം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം; പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു

പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു

Update: 2025-12-17 11:41 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കുന്ന 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തെച്ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. കോണ്‍ഗ്രസും മുസ്ലീം ലീഗും ചേര്‍ന്ന് ആസൂത്രണം ചെയ്ത വര്‍ഗീയ ധ്രൂവീകരണ നീക്കമാണ് ഈ പാട്ടിന് പിന്നിലെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ദൈവങ്ങളെയും മതവിശ്വാസത്തെയും വോട്ടിനായി ഉപയോഗിക്കുന്നുവെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സിപിഎം തീരുമാനം.

ഈ പാട്ട് കേവലം ഒരു പാരഡി മാത്രമല്ല, മറിച്ച് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ആയുധമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. കോണ്‍ഗ്രസും മുസ്ലീം ലീഗും ചേര്‍ന്ന് വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം യുഡിഎഫ് കാറ്റില്‍ പറത്തിയെന്നാണ് പാര്‍ട്ടിയുടെ വാദം.

മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നാട്ടിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ പാട്ടിന് പിന്നിലെന്ന് രാജു എബ്രഹാം കുറ്റപ്പെടുത്തി. ഈ പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെയൊക്കെയാണ് ഉപയോഗിച്ചതെന്ന് പാര്‍ട്ടി പരിശോധിച്ചു വരികയാണ്. കൃത്യമായ തെളിവുകളോടെയാകും കമ്മീഷനെ സമീപിക്കുക.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാട്ടിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സിപിഎമ്മിന്റെ നിരീക്ഷണം. യുഡിഎഫ് കേന്ദ്രങ്ങള്‍ ഈ പാട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനെതിരെയുള്ള വികാരമാക്കി മാറ്റാനാണെന്ന് പാര്‍ട്ടി കരുതുന്നു.

തിരുവാഭരണപാത സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ സിപിഎം സ്വാഗതം ചെയ്തു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് അയ്യപ്പ ഭക്തരുടെ വികാരം മുറിപ്പെടുത്തിയെന്ന വാദമുയര്‍ത്തി ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കാനുള്ള യുഡിഎഫ് തന്ത്രത്തെ അതേ നാണയത്തില്‍ നേരിടാനാണ് ഇടത് മുന്നണിയുടെ നീക്കം.

അഴിമതിയെ പരിഹസിക്കുന്നത് എങ്ങനെ വര്‍ഗീയ ധ്രൂവീകരണമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ മറുചോദ്യം. ഇത് കേവലം ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമാണെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ സത്യം പുറത്തുവരുന്നത് ഭയന്നാണ് സിപിഎം പരാതിയുമായി പോകുന്നതെന്നും അവര്‍ വാദിക്കുന്നു


Tags:    

Similar News