സര്‍ക്കാരിന്റേത് ക്രൂര സമീപനം, അധ്യാപകര്‍ അതിഥി തൊഴിലാളികളല്ല; ഭിന്നശേഷി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ക്ലീമിസ് കാതോലിക്കാ ബാവ; ക്ലീമിസ് ബാവ സര്‍ക്കാരിന് എതിരെ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
സര്‍ക്കാരിന്റേത് ക്രൂര സമീപനം, അധ്യാപകര്‍ അതിഥി തൊഴിലാളികളല്ല
തിരുവനന്തപുരം: ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എതിരെ തെരുവിലിറങ്ങി ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സംയുക്ത സമര സമിതി. ഭിന്നശേഷി അധ്യാപകരുടെ നിയമനം നടത്താതെ, മറ്റ് അധ്യാപകരുടെ നിയമനത്തിന് സ്ഥിരപ്പെടുത്തല്‍ ലഭിക്കില്ലെന്ന വിഷയത്തിലാണ് പ്രക്ഷോഭം. എന്‍എസ്എസിന് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജുമെന്റുകള്‍ക്കും ബാധകമാക്കുന്നതില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കണം എന്നാണ് സഭകളുടെ ആവശ്യം.
ഇക്കാര്യത്തില്‍ വാക്ക് പാലിച്ചില്ല എങ്കില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പുനരാലോചന വേണ്ടി വരുമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സര്‍ക്കാര്‍ അധ്യാപകരോട് കാട്ടുന്നത് ക്രൂരതയെന്ന് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ആയിരക്കണക്കിന് അധ്യാപകരോട് കാണിക്കുന്ന സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ സമീപനമാണ്. സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനമെടുക്കണം. നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണിത്. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ശിക്ഷിക്കപ്പെടുന്നു. അധ്യാപകര്‍ അതിഥി തൊഴിലാളികളല്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.
യോഗ്യതയുള്ള ഭിന്നശേഷിക്കാരെ തരുന്നതിന് സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ കടമ നിര്‍വഹിക്കാതിരിക്കുകയും ജോലിചെയ്യുന്ന അധ്യാപകരെ ശിക്ഷിക്കുകയും ചെയ്യുന്നു. ആനുകൂല്യമല്ല ജോലി ചെയ്തതിന്റെ കൂലിയെ കുറിച്ചാണ് പറയുന്നത്. വിഷയം സമയബന്ധിതമായി പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു. ആ വാക്ക് ഇപ്പോഴും വിശ്വസിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളപ്പോള്‍ തന്നെ വാക്ക് പാലിക്കണം. വാക്ക് പാലിച്ചാല്‍ മതി, പുതിയ ആനുകൂല്യം പ്രഖ്യാപിക്കേണ്ട. നല്‍കിയ ഉറപ്പ് പൂര്‍ണമായി പാലിക്കപ്പെടണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.
അതേസമയം, ക്ലീമിസ് ബാവ സര്‍ക്കാരിന് എതിരെ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ഭിന്നശേഷി അധ്യാപകരെ കിട്ടുന്നില്ല എന്നത് വസ്തുതയാണ്. സര്‍ക്കാരിന് പിടിവാശി ഇല്ലെന്നും മന്ത്രി പ്രതികരിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരുടേയും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് സര്‍ക്കാര്‍ നയമല്ല. അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
1995 ലെ Persons with Disabilities Act സെക്ഷന്‍ 33 പ്രകാരം കാഴ്ചപരിമിതര്‍, ശ്രവണപരിമിതര്‍, ചലനശേഷി പരിമിതര്‍, സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗങ്ങളിലായി 3 ശതമാനം ഭിന്നശേഷി സംവരണം പാലിച്ച് എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളും നിയമനം നല്‌കേണ്ടതുണ്ട്. തുടര്‍ന്ന് പുറപ്പെടുവിക്കപ്പെട്ട ഞജണഉ അര േ2016 ലെ സെക്ഷന്‍ 34(1) പ്രകാരം ഓരോ ഗ്രൂപ്പ് ഓഫ് തസ്തികകളുടെയും കേഡര്‍ സ്‌ട്രെങ്തിന്റെ ആകെയുളള ഒഴിവുകളില്‍ 4 ശതമാനത്തില്‍ കുറയാത്ത ഒഴിവുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കി നിയമനം നടത്തേണ്ടതുണ്ട്. ആക്ടിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1996 ഫെബ്രുവരി 15 മുതല്‍ മുതല്‍ 3 ശതമാനവും 2017 മെയ് മുതല്‍ 4 ശതമാനവും സംവരണവും നല്‍കി പിഎസ്‌സി വഴി നിയമനം നടത്തുന്നു.
ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെയും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചും മറ്റു ജീവനക്കാരുടെ നിയമന അംഗീകാരം സംബന്ധിച്ചും സര്‍ക്കാര്‍ തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.
സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂര്‍ണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബറിനും 2021 നവംബറിനും ഇടയിലെ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് ശമ്പള സ്‌കെയിലില്‍ പ്രൊവിഷണലായും 2021 നവംബറിന് ശേഷം ഉണ്ടായ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നല്കുന്നതിനുമാണ് കോടതി നിര്‍ദേശിച്ചത്. ഈ കോടതി ഉത്തരവുകള്‍ക്കനുസൃതമായാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശങ്ങള്‍ പ്രകാരം പ്രൊവിഷണല്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാര്‍ക്ക് ചട്ട പ്രകാരം സാധ്യമായ എല്ലാ ആനുകൂല്യങ്ങളും (പെന്‍ നമ്പര്‍, ലീവ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, പിഎഫ്, സ്ഥാനക്കയറ്റം) നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ ജോലിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് പ്രൊവിഷണല്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള മറ്റു ജീവനക്കാര്‍ക്ക് അവരുടെ നിയമന തിയതി മുതല്‍ തന്നെ ക്രമീകരണം നടത്തുന്നതിന് നിലവില്‍ തടസങ്ങളില്ല.
നായര്‍ സര്‍വീസ് സൊസൈറ്റി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി 2025 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകള്‍ ഒഴികെ മറ്റു ഒഴിവുകളില്‍ റഗുലര്‍ സ്ഥിര നിയമനം നടത്തുവാന്‍ അനുമതി നല്‍കുകയും അപ്രകാരം നിയമിതരായവരുടെ സേവന കാലം ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിര്‍ദേശം നല്‍കിയിരുന്നു. പ്രസ്തുത ഉത്തരവില്‍, നായര്‍ സര്‍വീസ് സൊസൈറ്റിയും മറ്റു മാനേജമെന്റുകളും അവരുടെ കീഴിലുള്ള സ്‌കൂളുകളിലെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ നിയമന നടപടികള്‍ ത്വരിതപ്പെടുത്തുവാനും കോടതി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ വിധിന്യായം നായര്‍ സര്‍വീസ് സൊസൈറ്റി മാനേജ്‌മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമാണ് ബാധകം എന്നാണ് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശം. എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, പൊതു വിദ്യാഭ്യാസ മന്ത്രിയും നിയമ മന്ത്രിയും അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പ് സെക്രട്ടറിയും പങ്കെടുത്ത 2025 ഒക്ടോബറിലെ യോഗ തീരുമാനം പ്രകാരം എന്‍എസ്എസ് കേസിലെ വിധിന്യായം മറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുന്നതിന് സര്‍ക്കാര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്.
