ആസ്തി 100 കോടി, നിക്ഷേപം 504 കോടി; സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ സ്റ്റോറുകളുമായി നിരവധി ജീവനക്കാര്‍; 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുത്ത് വിമതരും സിപിഎമ്മും; നേതാക്കളുടെ ഈഗോയില്‍ പൊലിയുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അസറ്റ്

61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുത്ത് വിമതരും സിപിഎമ്മും

Update: 2024-11-16 16:59 GMT

കോഴിക്കോട്: സഹകരണ ബാങ്കുകളും, ആശുപത്രികളും, മെഡിക്കല്‍ കോളജുകളും, ചാനലും, അമ്യൂസ്മെന്റ് പാര്‍ക്കുമൊക്കെയായി കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ കോണ്‍ഗ്രസിനാവട്ടെ ഇതുപോലെ അതിശക്തമായ ഒരു സാമ്പത്തിക ശക്തിയായി വളരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചിലയിടത്തൊക്കെ കോണ്‍ഗ്രസും വലിയ രീതിയിലുള്ള സംരഭങ്ങള്‍ നടത്തുന്നുണ്ട്.

പക്ഷേ ഇത്തരം ഒറ്റപ്പെട്ട സംരംഭങ്ങള്‍പോലും അവസാനം സിപിഎമ്മിന്റെ കൈകളില്‍ എത്തുകയാണെന്നാണ്, കോഴിക്കോട് ചേവായൂര്‍ സര്‍വീസ്് സഹകരണ ബാങ്കിന്റെ അനുഭവം തെളിയിക്കുന്നത്. 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഈ ബാങ്ക് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കയാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 1963 രൂപീകരിച്ച ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. 11 സീറ്റിലേക്കായി നടന്ന മത്സരത്തില്‍ വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്.

വ്യാപക ക്രമേക്കേടെന്ന് ആരോപണം

എന്നാല്‍ വ്യാപകമായ കള്ളവോട്ടും ക്രിത്രിമവും നടത്തിയാണ് ബാങ്ക് പിടിച്ചെടുത്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ന് വലിയ സംഘര്‍ഷമാണ് പോളിങ്് കേന്ദ്രമായ പറയഞ്ചേരി സ്‌കൂളിനുമുന്നില്‍ നടന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.

ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിച്ചത. 35000-നടുത്ത് അംഗങ്ങളുളള ബാങ്കിന്റെ ഭരണസമിതിയുംപാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംകെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നു.




 


ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണവുമായി വോട്ടന്മാര്‍ രംഗത്തെത്തി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കോവൂര്‍ സ്വദേശി പ്രസീദ് വെളിപ്പെടുത്തി. കോവൂര്‍ എട്ടാം നമ്പര്‍ ബൂത്തില്‍ ആയിരുന്നു വോട്ട്. കള്ള വോട്ടിന് പിന്നില്‍ നിലവിലെ ഭരണസമിതി എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇതിനൊപ്പം 78-കാരനായ പി.എസ്. ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നും ആരോപണമുയര്‍ന്നു. ക്യൂ നിന്ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞെന്ന് ജയപ്രകാശ്. താന്‍ സ്ഥിരമായി കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളെന്നും ജയപ്രകാശ് പറഞ്ഞു. സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ ( ഞായര്‍) കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്.

വില്ലനായത് നേതാക്കളുടെ ഈഗോ

കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്. എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോര്‍ബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.

ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ബാങ്കുകളിലൊന്നാണ്. 11 അംഗ ബാങ്ക് ഭരണ സമിതിയിലേക്ക് 31 പേരാണ് മത്സരിച്ചത്.

ഈ ബാങ്ക് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമായി പറയപ്പെടുന്നത് നേതാക്കളുടെ ഈഗോ തന്നെയാണ്. ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ നല്ലരീതിയില്‍ ബാങ്ക് ഭരണം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കേ പാര്‍ട്ടിനേതൃത്വത്തിലെ ചിലര്‍ അനാവശ്യമായി ഇടപെട്ടതാണ് പ്രശ്നമായത്. ബാങ്ക്് ഭരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനാവശ്യമായി ഇടപെടുന്നതായിരുന്നു ഭരണസമിതിയെ പിന്തുണയ്ക്കുന്നവരെ പ്രകോപിപ്പിച്ചത്.

കെപിസിസി ജന. സെക്രട്ടറി കെ ജയന്തിന്റെ നേതൃത്വത്തില്‍ ഭരണസമിതിക്കെതിരെ നിരന്തര നീക്കങ്ങളുണ്ടായെന്നാണ് ആരേപണം. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എന്നിവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ ഇടതു നേതാക്കള്‍ക്കൊപ്പം ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാര്‍ പങ്കെടുത്തതാണ് ഡിസിസി നേതൃത്വത്തിന് നീരസമുണ്ടാക്കിയത്.

ഇതിനെത്തുടര്‍ന്നാണ് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. ബാങ്ക് പ്രസിഡന്റ് ജി സി പ്രശാന്ത് കുമാറിനെയും അദ്ദേഹത്തെ പിന്തുണച്ച കെപിസിസി മുന്‍ അംഗം കെ വി സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുള്ളവരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഇതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തു.


 



അതിനിടെ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ കൊലവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണമെന്നുമായിരുന്നു സുധാകരന്റെ ഭീഷണി. ഈ പ്രസംഗം ഉള്‍പ്പെടെ വിമത പക്ഷം ചര്‍ച്ചയാക്കുകയും ചെയ്തു. സിപിഎമ്മാവട്ടെ കിട്ടിയ അവസരം മുതലെടുത്ത് വിമതര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തു. ജയിച്ചതോടെ കോടികള്‍ ആസ്തിയുള്ള ബാങ്ക് ഫലത്തില്‍ സിപിഎമ്മിന്റെ കൈയിലായി. നേതാക്കള്‍ക്കിടയിലെ പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നെങ്കില്‍, ഈ 500 കോടിയുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസിന്റെ കൈയില്‍ തന്നെ നിന്നേനെ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News