സിനിമാ താരങ്ങള്‍ പിഷാരടിക്കായി വോട്ട് ചോദിക്കാനെത്തുന്ന സാഹചര്യം തിരിച്ചറിഞ്ഞ് പാലക്കാട്ട് 'താരപ്പോര്' ഒരുക്കാന്‍ പിണറായി; ശോഭാ സുരേന്ദ്രനേയും പിഷാരടിയേയും നേരിടാന്‍ പ്രമുഖ നടിയെ ഇറക്കാന്‍ സി.പി.എം; സരിനെ തഴഞ്ഞു; സ്പീക്കര്‍ ഷംസീറിന് സീറ്റില്ലാത്തതില്‍ അതൃപ്തി; സിപിഎമ്മില്‍ പലവിധ ചര്‍ച്ചകള്‍; എട്ടിടത്ത് അവ്യക്തത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കെ, പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി സി.പി.എം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ രമേശ് പിഷാരടിയും ബി.ജെ.പിക്കായി ശോഭാ സുരേന്ദ്രനും എത്തുന്നതോടെ മണ്ഡലം പിടിക്കാന്‍ പ്രമുഖ നടിയെ കളത്തിലിറക്കാനാണ് സി.പി.എം ആലോചിക്കുന്നത്. സിനിമാ താരങ്ങള്‍ പിഷാരടിക്കായി വോട്ട് ചോദിക്കാനെത്തുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് താരശോഭയുള്ള ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ തന്നെ സി.പി.എം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ നടിയുമായി പാര്‍ട്ടി നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
പാലക്കാട് ജില്ലാ ഘടകം നിര്‍ദ്ദേശിച്ച ഡോ. പി. സരിന്റെ പേര് സംസ്ഥാന കമ്മിറ്റി തല്‍ക്കാലം അംഗീകരിച്ചിട്ടില്ല. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് നേതൃതലത്തിലുള്ള നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വാധീനം വര്‍ദ്ധിച്ചുവെന്ന വിലയിരുത്തലിലാണ് ഈ മാറ്റം. ശോഭാ സുരേന്ദ്രന്റെ സാന്നിധ്യം കൂടി പരിഗണിച്ച് സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വന്നാല്‍ വിജയം ഉറപ്പിക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്തും സമാനമായ രീതിയില്‍ വിജ്ഞാപനം വന്ന ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ.
അതേസമയം, സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ ഒഴിവാക്കിയത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രണ്ട് ടേം നിബന്ധനയുടെ പേരില്‍ ഷംസീറിന് സീറ്റ് നിഷേധിച്ചതില്‍ അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. ഷംസീറിനൊപ്പം മുരളി പെരുനല്ലി, കെ. ബാബു, കെ.ഡി. പ്രസേനന്‍ എന്നിവര്‍ക്കും ഇത്തവണ സീറ്റില്ല. എന്നാല്‍ രണ്ട് ടേം കഴിഞ്ഞിട്ടും മുന്‍ മന്ത്രി എ.സി. മൊയ്തീന് കുന്നംകുളത്ത് വീണ്ടും അവസരം നല്‍കിയത് വിവേചനമാണെന്ന പരാതിയും ഉയരുന്നുണ്ട്. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഇത്തവണ മണലൂരില്‍ നിന്ന് ജനവിധി തേടും. എറണാകുളം ജില്ലയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് വൈപ്പിന്‍ എം.എല്‍.എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ തൃപ്പൂണിത്തുറയിലേക്കും, എം.ബി. ഷൈനി വൈപ്പിനിലേക്കും മാറും.
എട്ട് സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സി.പി.എമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗം ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ചെങ്കിലും പുതുപ്പള്ളിയും പാലക്കാടും ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിച്ചില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ രമേശ് പിഷാരടിയും ബി.ജെ.പിക്കായി ശോഭാ സുരേന്ദ്രനും എത്തുന്ന പാലക്കാട് മണ്ഡലം പിടിക്കാന്‍ സി.പി.എം അതീവ ജാഗ്രതയിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്ന ശേഷമേ പാലക്കാട്ടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉറച്ച കോട്ടകളിലാണ് സി.പി.എമ്മിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വെല്ലുവിളി നേരിടുന്നത്. പുതുപ്പള്ളി, പാലക്കാട്, എറണാകുളം, തൃക്കാക്കര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലാണ് വ്യക്തതയില്ലാത്തത്. പുതുപ്പള്ളിയില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നേതൃത്വത്തിന്റെ ആലോചന.
രണ്ട് ടേം നിബന്ധനയുടെ പേരില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനത്തില്‍ ഷംസീര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷംസീറിനൊപ്പം മുരളി പെരുനല്ലി, കെ. ബാബു, കെ.ഡി. പ്രസേനന്‍ എന്നിവര്‍ക്കും ഇത്തവണ സീറ്റില്ല. എന്നാല്‍ രണ്ട് ടേം കഴിഞ്ഞിട്ടും മുന്‍ മന്ത്രി എ.സി. മൊയ്തീന് കുന്നംകുളത്ത് ഇളവ് നല്‍കിയത് വിവേചനമാണെന്ന പരാതിയും ഉയരുന്നുണ്ട്. തിരക്കിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേണ്ടെന്ന തീരുമാനത്തെത്തുടര്‍ന്ന് എട്ടാം തീയതി നിശ്ചയിച്ചിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മാറ്റിവെച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമേ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കൂ.
സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനായി ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ചേരും. 15-ന് തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉപസമിതി പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കും.
