തിരുത്തില്ലെന്ന് വാശി, ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് തന്നെ; ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തളിപ്പറമ്പിലും അയവില്ല; സെക്രട്ടേറിയറ്റില്‍ ശൈലജയുടെ എതിര്‍പ്പ് തള്ളി സിപിഎം; എം വി ഗോവിന്ദന്റെ ഭാര്യയെ ട്രോളിയാല്‍ വകവയ്ക്കില്ല; വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം

തിരുത്തില്ലെന്ന് വാശി, ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് തന്നെ

Update: 2026-03-04 08:55 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ ധാരണയിലെത്തി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍നിന്ന് പേരാവൂരിലേക്ക് മാറ്റാനുള്ള ആദ്യ നീക്കത്തില്‍ കടുത്ത അതൃപ്തി കെ.കെ. ശൈലജ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിച്ചിരുന്നു. സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് ഷൈലജയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ഒതുക്കാനാണ് നീക്കമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തായാലും, നാളെ ചേരുന്ന സി.പി.എം. സംസ്ഥാന സമിതിയുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കും.

സെക്രട്ടേറിയറ്റ് അംഗീകരിച്ച മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികളില്‍ തളിപ്പറമ്പില്‍ പികെ ശ്യാമള, പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍, ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്നു. മുന്‍ എം.എല്‍.എ. എം.വി. ഗോവിന്ദന് പകരം ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന പരിഗണന വെച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിമര്‍ശനം. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ വ്യവസായ സംരഭകന്‍ കൊറ്റാളി യിലെ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനായ പി.കെ ശ്യാമളയുടെ ഇടപെടലുകള്‍ മറക്കരുതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.എം കോട്ടയായ തളിപ്പറമ്പ് മണ്ഡലം നഷ്ടപ്പെടാന്‍ പി.കെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം വഴിവയ്ക്കുമെന്ന ആശങ്കയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

പി.കെ ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്ന മോറാഴയിലും ആന്തൂരിലും തളിപ്പറമ്പിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായോ അനുഭാവികളുമായോ പി.കെ ശ്യാമളയ്ക്ക് സി.പി.എം നേതാവെന്ന നിലയില്‍ ജനകീയ ബന്ധങ്ങളൊന്നുമില്ലെന്ന വിമര്‍ശനവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ നേതാവായ എന്‍. സുകന്യ ,എം. വിനികേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍ എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നുവെങ്കിലും പി.കെ. ശ്യാമളയ്ക്ക് അനുകൂലമായാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും പി.കെ ശ്യാമളയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ് പി.കെ. ശ്യാമള.ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ള ഇവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന നിലയിലല്ല സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇത് പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം, ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എം.എല്‍.എ. എം.എം. മണിക്ക് വേണ്ടി ഉയര്‍ന്ന വാദങ്ങള്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാളത്തെ സംസ്ഥാന സമിതി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Tags:    

Similar News