'മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍; നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല'; മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാര്‍ട്ടിയില്‍നിന്ന് മറച്ചുവെച്ചെങ്കിലും സമന്‍സിനെ പ്രതിരോധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി; പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തും
മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ചത് കോണ്‍ഗ്രസ് അടക്കം ആയുധമാക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ഒരുങ്ങുന്നു. ഇ ഡി നോട്ടീസ് എത്തിയ വിവരം മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങി ഇറങ്ങുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പിണറായിയെ പിന്തുണച്ചു രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്തതെന്നാണ് എം എ ബേബി വ്യക്തമാക്കിയത്. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്. നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ കെ എന്‍ ബാലഗോപാലും മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രംഗത്തുവന്നിരുന്നു. ഇഡി നോട്ടീസ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. കൂടുതല്‍ കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല. ഇത്രയും വര്‍ഷം വരാത്ത കാര്യങ്ങള്‍ പെട്ടെന്ന് വലിയ വാര്‍ത്തയായി വരുന്നു. എന്താണ് ഇതിന് പിന്നിലെന്ന് സംശയിക്കാവുന്നതേ ഉള്ളൂ. സമന്‍സ് കൊടുത്തെങ്കില്‍ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തു വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈന്തപ്പഴം, സ്വര്‍ണക്കടത്ത് അങ്ങനെ കുറെ കാര്യങ്ങളെത്തി. എന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടിയും ആരോപണത്തില്‍ പ്രതികരിച്ചു രംഗത്തുവന്നുരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വിവാദം മുറുകുന്ന പക്ഷം പിണറായിയെ പിന്തുണച്ചു കൊണ്ട് കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നേക്കും.
നേരത്തെ ലൈഫ് മിഷന്‍ കേസില്‍ മകന്‍ വിവേക് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇക്കാര്യം സിപിഎമ്മിന്റെ കേരളത്തിലെ നേതൃഘടകങ്ങള്‍ക്കു പുതിയ വിവരമാണ്. മകള്‍ വീണാ വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തെക്കുറിച്ചും മുഖ്യമന്ത്രി കേരളത്തിലെ പാര്‍ട്ടി നേതൃയോഗങ്ങളില്‍ വിശദീകരിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നം എന്ന കരുതലാണ് ഇപ്പോള്‍ നേതാക്കള്‍ പുലര്‍ത്തുന്നത്. അഖിലേന്ത്യാ സെക്രട്ഠറി പിണറായി വിജയനെ പ്രതിരോധിച്ചു രംഗത്തുവന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഈ വഴിയില്‍ നീങ്ങും. ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും മുന്നിലുളളത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന നീക്കം മാത്രമാണിതെന്ന് ഉറപ്പുണ്ടെങ്കില്‍ അതിനുള്ള ഉദാഹരണമായി ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി കേന്ദ്രവിരുദ്ധ പ്രചാരണം ശക്തമാക്കുമായിരുന്നല്ലോയെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
മകള്‍ വീണയ്‌ക്കെതിരെ അന്വേഷണം വന്നപ്പോള്‍ നിയമസഭയിലും പുറത്തും അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ അതേപടി അംഗീകരിച്ച് നിലപാടായി പ്രഖ്യാപിക്കുകയാണു പാര്‍ട്ടി ചെയ്തത്. നേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ സാധാരണ മൂന്നു തരത്തിലാണ് പാര്‍ട്ടി കമ്മിറ്റികളിലെ ചര്‍ച്ചയായി മാറാറുള്ളത്. ഏതെങ്കിലുമൊരു നേതാവ് പരാതി കത്തായി പാര്‍ട്ടിക്കു നല്‍കണം, അതല്ലെങ്കില്‍ യോഗം ചേരുമ്പോള്‍ ആരെങ്കിലും അക്കാര്യം ഉന്നയിക്കണം. ബന്ധപ്പെട്ട നേതാവുതന്നെ പാര്‍ട്ടി കമ്മിറ്റിയില്‍ സ്വയം വിശദീകരണത്തിനു സന്നദ്ധനാകുന്നതാണു മൂന്നാമത്തെ സാധ്യത. മക്കളുടെ കാര്യത്തില്‍ ഇതു മൂന്നും സംഭവിച്ചിട്ടില്ല.
വീണയ്‌ക്കെതിരെ ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് നടത്തിയ കണ്ടെത്തല്‍ രണ്ടു കമ്പനികള്‍ തമ്മിലെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമാണെന്ന ന്യായീകരണമാണ് സിപിഎം നടത്തിയതെങ്കില്‍ ഈ വിഷയത്തില്‍ അങ്ങനെ കൈകഴുകാനാവില്ല. ലൈഫ് മിഷന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും പങ്കാളികളാണ്. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം.രവീന്ദ്രനെ ഈ കേസില്‍ ചോദ്യം ചെയ്യുകയും വിട്ടയയ്ക്കുകയും ചെയ്തതാണ്. രാഷ്ട്രീയ, ഭരണ വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നയാളായാണു വിവേകിനെ സിപിഎം നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ അദ്ദേഹത്തെ വിളിപ്പിച്ചെന്ന വിവരം അതുകൊണ്ടും പാര്‍ട്ടിക്ക് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സയച്ചത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷടക്കമുള്ളവരുടെ മൊഴികള്‍ വിവേകിന് ഇതുമായി ബന്ധമുണ്ടെന്നു സൂചന നല്‍കുന്നതാണ്. കേസിലെ മുഖ്യപ്രതി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു സമന്‍സ് നല്‍കിയതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. ലൈഫ് മിഷന്‍ പദ്ധതിക്കു വേണ്ടി യൂണിടാക്കില്‍നിന്ന് 4.25 കോടി രൂപ കമ്മിഷന്‍ വാങ്ങിയത് ശിവശങ്കറിനു വേണ്ടിയാണെന്നു സ്വപ്ന മൊഴി നല്‍കിയിരുന്നു.