മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു; ഒരു ബിജെപി നേതാവ് നിരന്തരം ഫോണില്‍ വിളിച്ചു; അവന്‍ ഫോണെടുത്തില്ല; താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചു; വൈദേകം റിസോര്‍ട്ട് ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല; ഇ പി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം
മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു; ഒരു ബിജെപി നേതാവ് നിരന്തരം ഫോണില്‍ വിളിച്ചു
തിരുവനന്തപുരം: ബിജെപിക്ക് അവസരം ഒരുക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തി വിവാദത്തില്‍ പെട്ടിട്ടുണ്ട് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഇപ്പോഴിതാ ആത്മകഥയില്‍ മറ്റൊരു പരാമര്‍ശം കൂടി അദ്ദേഹം നടത്തിയിരിക്കുന്നത്. മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വെളിപ്പെടുത്തിയത്. ഇ.പിയുടെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് പരാമര്‍ശം. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചു. എന്നാല്‍, അവന്‍ ഫോണെടുത്തില്ല. താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയില്‍ പറയുന്നു.
'എറണാകുളത്ത് ഒരു വിവാഹച്ചടങ്ങില്‍വെച്ച് അവര്‍ മകനെ പരിചയപ്പെടുകയും ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവന്‍ ഫോണ്‍ എടുത്തില്ല. ഇവര്‍ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവര്‍ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.'- ഇ.പി 'വീണ്ടും വിവാദം' എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ന് പിണറായി വിജയന്‍ പ്രസിദ്ധീകരിച്ച 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് ജയരാജന്റെ വെളിപ്പെടുത്തല്‍. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ദിവസമായിരുന്നു ഈ വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുഡിഎഫ് അനുഭാവിയായിരുന്ന പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസവും പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു.
തുടര്‍ന്ന് പ്രസാധകര്‍ക്കെതിരേ ജയരാജന്‍ നിയമനടപടി സ്വീകരിച്ചു. പ്രസാധകര്‍ മാപ്പുപറഞ്ഞതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആ പുസ്തകത്തിലൂടെ താന്‍ സര്‍ക്കാറിന് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പുസ്തകത്തിന്റെ തലക്കെട്ട് പോലും തന്നെ പരിഹസിക്കാന്‍ ഇട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
'എന്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്. അത് പ്രസിദ്ധീകരിച്ചവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ആത്മകഥ സംബന്ധിച്ച വിവാദം നടക്കുമ്പോള്‍ പുസ്തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി. സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതി എന്നു പറഞ്ഞാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒടുവില്‍ ഞാന്‍ സര്‍ക്കാരിന് എതിരാണെന്ന് വരുത്തിത്തീര്‍ത്തു. ഇപി പുസ്തകത്തില്‍ പറയുന്നു.
അതേസമയം ഇ പി ജയരാജന്റെ ആത്മകഥയില്‍ സിപിഎം നേതൃത്വത്തിന് പരോക്ഷ വിമര്‍ശനവും പുസ്തകത്തിലുണ്ട്. വൈദേകം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നും വിമര്‍ശനം.
ദിവസങ്ങളോളം വാര്‍ത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചത്. ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു.
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമര്‍ശനം. ആത്മകഥയുടെ 169-ാം പേജില്‍ പറയുന്നത് ഇങ്ങനെ:'അതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ എനിക്കെതിരെ വൈദേകം റിസോര്‍ട്ട് നിക്ഷേപത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം തുടര്‍ന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.
സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍'.
ഇത്തരത്തിലൊരു കാര്യം സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്. തന്റെ ഭാര്യയും മകനും ഇതില്‍ ഓഹരി പങ്കാളികളായതിന്റെ വിശദമായ കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടാണ് ആത്മകഥയിലെ ഈയൊരു ഭാഗം ഇപി ജയരാജന്‍ വിശദീകരിക്കുന്നത്.
