'കെ സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ, നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും, എന്നാല്‍ കെപിസിസി പ്രസിഡന്റുണ്ടാവില്ല'; സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്‍

സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്‍

Update: 2024-12-09 08:51 GMT

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ അത്തരം ചര്‍ച്ചകളെ അതൃപ്തരായി കോണ്‍ഗ്രസ് അണികള്‍. പാര്‍ട്ടിക്കുള്ളിലെ സാധാരണക്കാരുടെ പിന്തുണയുള്ള സുധാകരനെ മാറ്റുന്നതിലാണ് എതിര്‍പ്പുയരുന്നത്. ഇത്തരം എതിര്‍പ്പുകള്‍ സൈബറിടത്തിലും കോണ്‍ഗ്രസ് അണികള്‍ പങ്കുവെക്കുന്നുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ ഹൃദയവികാരം അറിയുന്ന നേതാവാണ് സുധാകരന്‍. അണകളുമായി അത്രത്തോളം അടുപ്പമുള്ള അദ്ദേഹത്തെ തഴയല്‍ കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്ന മുന്നറിയിപ്പാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

ഇത്തരം കുറിപ്പില്‍ ശ്രദ്ധേയമായത് രജിത് ലീല രവീന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ്. സുധാകരനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് അടുക്കുന്നതെന്ന് അടക്കം വിശദീകരിച്ചു കൊണ്ടാണ് കുറിപ്പ്. കെ സുധാകരനെ പോലൊരു ജനകീയ നേതാവിനെ ഈ അവസരത്തില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുന്നത് വലിയ രീതിയിലുള്ള അസംതൃപ്തി പാര്‍ട്ടി അണികളില്‍ ഉണ്ടാക്കുമെന്നാണ് രജിത് കുറിപ്പില്‍ കുറിക്കുന്നത്. അതുകൊണ്ട് കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് കേരളത്തില്‍ കോണ്‍ഗ്രസിനും, യു ഡി എഫിനും ഗുണകരമാവുക എന്നും അദ്ദേഹം കുറിക്കുന്നത്.

സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ,നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും എന്നാല്‍ കെ പി സി സി പ്രസിഡന്റുണ്ടാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സൈബറിടത്തില്‍ വൈറലാണ്. നിരവധി അണികള്‍ ഈപോസ്റ്റില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തില്‍ ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ എനിക്ക് വ്യക്തിപരമായി കടപ്പാടുള്ളത് കെ പി സി സി പ്രസിഡന്റ് കെ സുധാകരനോട് മാത്രമാണ്. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ കെ എസ് യു കാലത്ത് നീല പതാക പിടിച്ചതിന്റെ പേരില്‍ ലഭിച്ച അടിയുടെയും, ഇടിയുടെയും, ചവിട്ടിന്റെയും കണക്കുകള്‍ പറയുമ്പോള്‍ അത്ര വിഷമമാണെങ്കില്‍ ഇതിനൊന്നും പോകാതിരുന്നാല്‍ പോരെ എന്ന് പറഞ്ഞിരുന്ന ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വ്യത്യസ്തനായിരുന്നു അന്നത്തെ കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് കെ സുധാകരന്‍. 'പിള്ളറ് പാര്‍ട്ടിക്ക് വേണ്ടി നല്ലോണം കഷ്ടപെടുന്നുണ്ട്' എന്ന് പറഞ്ഞു ചേര്‍ത്തു നിര്‍ത്തുകയും, അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിനു അതി ക്രൂര മര്‍ദ്ദനത്തിന് വിധേയമാവേണ്ടി വന്ന അടുത്ത സുഹൃത്തും,ക്ലാസ്സ് മേറ്റും, സാമ്പത്തികാവസ്ഥയില്‍ അതി ദരിദ്രനുമായൊരുവന്റെ ചികിത്സാ ചെലവ് മുഴുവന്‍ വഹിച്ചെന്നു മാത്രമല്ല പിന്നെയും ഒരുപാട് വര്‍ഷം ഒരു മകനെ പോലെ അവനെ കൂടെ കൊണ്ടു നടന്നതിനുമാണ് സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവിനോട് എനിക്ക് കടപ്പാട്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും കെ സുധാകരന്‍ എന്ന കെ പി സി സി പ്രസിഡന്റിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും കണ്ണൂര്‍ എന്ന ഇടത് ആഭിമുഖ്യമുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ അദ്ദേഹം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പരാജയപ്പെടുത്തുന്നത് ഒരു ലക്ഷം പരം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനാണ്.

സി പി എം സംസ്ഥാന സെക്രട്ടറി എം എല്‍ എ ആയ, സി പി എം ന്റെ നെടും കോട്ടയായ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പോലും എണ്ണായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന്. ഇതെങ്ങനെ സംഭവിച്ചു എന്നറിയാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണ്ണൂരുകാരനും, പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനുമായ സുഹൃത്തിനെ ഞാന്‍ വിളിച്ചു. അവന്‍ പറഞ്ഞത് സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്പോള്‍ യു ഡി എഫിന്റെ ഒരു രാഷ്ട്രീയ വോട്ട് പോലും ചോരില്ല, മാത്രമല്ല ജാതി, മത, രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്തു നിന്ന് വോട്ട് പിടിക്കാന്‍ കഴിവുള്ള വലിയ നേതാവായി മാറിയിട്ടുണ്ട് സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണെങ്കില്‍ അത് താത്കാലികമാണെന്നും, കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതില്‍ വന്ന കാലതാമസമാണ് ഇടക്കാലത്തുണ്ടായതെന്നും,അദ്ദേഹത്തെ പോലൊരു പോരാളി തിരിച്ചു വരുമെന്നുമുള്ള പ്രചരണം ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നതാണ് വര്‍ദ്ധിച്ച ഭൂരിപക്ഷം കാണിക്കുന്നതെന്നും അവന്‍ പറഞ്ഞു.

മാധ്യമ പരിലാളനകള്‍ ഒരു കാലത്തും ലഭിച്ച നേതാവല്ല സുധാകരന്‍. മാധ്യമങ്ങളുടെ ഉടമകളെ കണ്ട് സുഖിപ്പിക്കാനോ, മാധ്യമപ്രവര്‍ത്തകര്‍ എന്തെഴുതിയാലും അവരെ നോക്കി വെളുക്കെ ചിരിക്കാനും സുധാകരന്‍ തയ്യാറാവാറില്ല. തങ്ങള്‍ക്കെതിരെ ആക്രമണമാണ് ലക്ഷ്യമെങ്കില്‍ 'നോ കോംപ്രമൈസ്' എന്ന് തന്നെയാണ് സുധാകരന്‍ ഇക്കാലമത്രയും മാധ്യമങ്ങളോടും പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍, കോണ്‍ഗ്രസ് നേതാക്കളായ വി കെ ശ്രീകണ്ഠനും, രാഹുല്‍ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് സ്വീകരിക്കുന്ന നിലപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രാബല്യത്തില്‍ കൊണ്ടു വന്നിരുന്ന നേതാവാണ് കെ സുധാകരന്‍. സുധാകരന് ഒന്നു കാലിടറിയാല്‍, നാക്കു പിഴ സംഭവിച്ചാല്‍ മുന്‍കാല കണക്കുകള്‍ തീര്‍ക്കാനെത്തുന്ന മാധ്യമങ്ങളാണ് ചുറ്റിലും.

കെ പി സി സി പ്രസിഡന്റ് എന്ന പദവിയില്‍ ഏറ്റവും അത്യാവശ്യം മാധ്യമങ്ങളെ അഭിമുഖീകരിക്കലോ പ്രസ്സ് മീറ്റ് നടത്തലോ അല്ല. പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും പാര്‍ട്ടിയെ ഏറ്റവും താഴെ തട്ടില്‍ വരെ ചലനാത്മകമാക്കുകയും ചെയ്യുക എന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാവ് എന്ന് പറയാന്‍ ആള്‍പൊക്കമുള്ള നേതാവും, വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന മികവ് കൊണ്ടുള്ള അംഗീകാരവുമാണ് ആവശ്യം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവശ്യം വരുമ്പോഴും, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എ സി മുറിയുടെ ശീതളിമയിലിരുന്നു പത്ര സ്ഥാപനങ്ങളിലേക്കുള്ള പ്രസ്താവന തയ്യാറാക്കി നല്‍കുന്നയാളല്ല, അവര്‍ക്കൊപ്പം നില്‍ക്കുകയും, ഏതൊരവസ്ഥയിലും അവരോടൊപ്പമുണ്ടാവുകയും ചെയ്യുന്നൊരാളാകണം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍.

കണ്ണൂര്‍ ഡി സി സി പ്രസിഡന്റായിരുന്ന കെ സുധാകരനും, കണ്ണൂര്‍ എം പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും 'തീയ്യ' സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനറിയുന്നത്. മിക്കവര്‍ക്കും അങ്ങനെ തന്നെയാകു മെന്നെനിക്കുറപ്പുണ്ട്. കാരണം അവരിരുവരും അവരുടെ ജാതി ഐഡന്റിറ്റി വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനമല്ല നടത്തിയിരുന്നത്, നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. രാഷ്ട്രിയ പാര്‍ട്ടികളില്‍ എല്ലാ ജാതി മത വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം വേണമെന്നത് ശരിയാണ്. പക്ഷേ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പോസ്റ്റില്‍ അത്തരമൊരു ജാതി മത റിസര്‍വേഷന്‍ വരുന്നത് ഈ സമയത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ചെയ്തു കൂടാത്തൊരു കാര്യമാണെന്നത് മറക്കാന്‍ പാടില്ല. കെ സുധാകരനെ പോലൊരു ജനകീയ നേതാവിനെ ഈ അവസരത്തില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുന്നത് വലിയ രീതിയിലുള്ള അസംതൃപ്തി പാര്‍ട്ടി അണികളില്‍ ഉണ്ടാക്കുക തന്നെ ചെയ്യും.

അതുകൊണ്ട് കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് കേരളത്തില്‍ കോണ്‍ഗ്രസിനും, യു ഡി എഫിനും ഗുണകരമാവുക. സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ,നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും എന്നാല്‍ കെ പി സി സി പ്രസിഡന്റുണ്ടാവില്ല.

(രജിത് ലീല രവീന്ദ്രന്‍)

Tags:    

Similar News