അനിഷ്ടത്തിലുള്ള ജി സുധാകരനെ അടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ജി.സുധാകരന്‍ സത്യസന്ധന്‍, മനസ്സ് ബിജെപിക്കാരന്റേതെന്ന് ബി ഗോപാലകൃഷ്ന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശനും; അണികളുടെ മനസ്സറിയുന്ന നേതാവിനെ കൈവിടാതിരിക്കാന്‍ ഇടപെട്ട് എം വി ഗോവിന്ദനും
അനിഷ്ടത്തിലുള്ള ജി സുധാകരനെ അടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും
തൃശൂര്‍: ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ മനസ്സറിയുന്ന നേതാവാണ് ജി സുധാകരന്‍. എന്നാല്‍, പ്രായത്തിന്റെ പേരു പറഞ്ഞ് അദ്ദേഹത്തെ മൂലക്കിരുത്തിയിരിക്കയാണ് പാര്‍ട്ടി. മത്സരിക്കാന്‍ അവസരം പോലും നല്‍കാതെ തഴിഞ്ഞിരിക്കയാണ് നേതൃത്വം. പിണറായി വിജയന്റെ അടക്കം ഗുഡ്ബുക്കില്‍ നിന്നും പുറത്തുപോയ ജി സുധാകരന്റെ അനിഷ്ടം മനസ്സിലാക്കി അദ്ദേഹത്തെ അടര്‍ത്തിയെടുക്കാന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ടെന്ന സൂചനയാണ് കുറച്ചു ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍. കോണ്‍ഗ്രസ് നേതാവ കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തിയ കണ്ടപ്പോല്‍ മുതല്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങി.
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് രംഗത്തുവന്നത്. സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി.സുധാകരന്‍. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ല. തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ഞങ്ങള്‍ സംസാരിച്ചു. എല്ലാം സുധാകരന്‍ മൗനമായി കേട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ തളിപ്പറമ്പില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തിലാണ് സുധാകരനെ കണ്ടെന്ന് ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.
അതേസമയം നീതിമാനായ മന്ത്രിയെന്ന് സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തുവന്നു. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളില്‍ നിന്ന് മാറിയവരെ അതെ നിലയില്‍ ആദരിക്കണമെന്നും ഇക്കാര്യത്തില്‍ പൊതു സമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ നീതി പൂര്‍വമായി ഇടപെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിനു കെ.സി വേണുഗോപാലുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഇതിനിടെ ജനപിന്തുണയുള്ള നേതാവിനെ കൈവിടാതിരിക്കാന്‍ ശ്രമങ്ങളുമായി സിപിഎം നേതൃത്വവും രംഗത്തുണ്ട്. ജി.സുധാകരനെ അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം മറികടക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. സുധാകരന് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്ന് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നിര്‍ദേശം നല്‍കി.
സുധാകരന്‍ സാധാരണ അംഗം ആയതിനാലാണ് അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കിപ്പിക്കാതിരുന്നതെന്നും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പൊതുസമ്മേളനത്തില്‍ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഒരു മുതിര്‍ന്ന അംഗത്തെ ഇങ്ങനെ വിശേഷിപ്പിക്കരുതെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നുമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എം.വി ഗോവിന്ദന്‍ നേരിട്ട് വിളിച്ചു.
അതേസമയം സിപിഎം നേതാവ് ജി. സുധാകരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ്. താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നു, ഒരു കുഴപ്പവും ഇല്ല. സുധാകരന്‍ ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടില്‍ ചെന്നത്‌കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു.
സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്, താഴെ തട്ട് മുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാര്‍ട്ടിയുടെ കരുത്താണ്. കോണ്‍ഗ്രസ് അകത്തുള്ള പ്രശങ്ങള്‍ ആദ്യം പരിഹരിക്കണം. വീട്ടില്‍ ഉള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണ് കോണ്‍ഗ്രസെന്നും കെവി തോമസ് പരിഹസിച്ചു.