ആ നാസര്‍ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത് ; സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? പകുതി പാര്‍ട്ടി അംഗങ്ങള്‍ പോലും വന്നില്ല; സിപിഎം പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍
ആ നാസര്‍ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത് ; സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ
ആലപ്പുഴ: തനിക്കെതിരേ സിപിഎം നടത്തിയ പൊതുയോഗത്തെ പരിഹസിച്ച് ജി. സുധാകരന്‍. സിപിഎം നടത്തിയ പൊതുയോഗത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പകുതി പാര്‍ട്ടി അംഗങ്ങള്‍ പോലും പങ്കെടുത്തില്ലെന്ന് പാര്‍ട്ടിവിട്ട ജി. സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രകടനത്തിലും യോഗത്തിലും തനിക്കെതിരായ ഭീഷണികളാണ് മുഴങ്ങികേട്ടതെന്നും ഒരു സ്വതന്ത്രനായ തന്നെ നേരിടാന്‍ ഇത്രവലിയ കോലാഹലം ആവശ്യമുണ്ടോയെന്നും ജി. സുധാകരന്‍ ചോദിച്ചു.
5,000 പേര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പറഞ്ഞതെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ പകുതി പോലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടത്തിയ പൊതുയോഗത്തിലും റാലിയിലും ഭീഷണിയാണ് മുഴക്കിയത്. നാസറിന് മുമ്പേ പാര്‍ട്ടിയിലെത്തിയ ആളാണ് താന്‍. ആ നാസറാണ് തന്നെ കൈകാര്യം ചെയ്യുമെന്ന് പറയുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി സുധാകരനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം സുധാകരന്റെ വീടിന് സമീപത്തെ ജംങ്ഷനിലാണ് സമാപിച്ചത്.
ജി. സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
''ജി സുധാകരനെ തുറന്നു കാണിക്കാന്‍ എന്നു പറഞ്ഞ് അമ്പലപ്പുഴയിലെ പാര്‍ട്ടി ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അരക്കിലോമീറ്റര്‍ പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്. കൂടാതെ രാഷ്ട്രീയവും പ്രസംഗത്തില്‍ ഉടനീളം വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞത് 'കാണിച്ചു തരും. ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ' അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും സ്വാഗതം പറഞ്ഞ ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു ' 'സുധാകരരാ വര്‍ഗ്ഗ വഞ്ചകാ നിന്നെ വെച്ചു പൊറുപ്പിക്കില്ല' മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത സുധാകരന് പാര്‍ട്ടി നല്‍കിയ സ്ഥാനമാനങ്ങളെ പറ്റി വിശദീകരിച്ചു. എംഎല്‍എ സലാം പതിവു രീതിയില്‍ അതിരൂക്ഷമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
സംഘാടകരുടെ എതിരാളികള്‍ 700 പേര്‍ പങ്കെടുത്തുവെന്നും അനുകൂലികള്‍ 2000 പേര്‍ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ 1200 പേര്‍ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയില്‍ മോശമല്ല. എന്നാല്‍ ഈ അസംബ്ലി മണ്ഡലത്തില്‍ 3500 ഓളം പാര്‍ട്ടി മെമ്പര്‍മാര്‍ ഉണ്ട്. രണ്ടര ലക്ഷത്തോളം പൊതുജനങ്ങള്‍ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാര്‍ട്ടി മെമ്പര്‍മാര്‍ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങള്‍ എത്രപേര്‍ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസര്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യം കെ എസ് യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാര്‍ട്ടി മെമ്പറായി. എസ്എഫ്ഐ യിലെ പാര്‍ട്ടി മെമ്പര്‍മാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാര്‍ജ്കാരന്‍ ഞാനായിരുന്നു. ആ നാസര്‍ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.''
