പരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. എനിക്ക് തോന്നിയില്ലല്ലോ? നമ്മള്‍ എന്തിനാണ് അതിനകത്ത് ടെന്‍ഷന്‍ ആകുന്നത്? പാലക്കാട്ടെ റെയ്ഡിനെ ന്യായീകരിച്ച് ഹോട്ടലില്‍ താമസക്കാരനായ എം വി നികേഷ് കുമാര്‍

പാലക്കാട്ടെ റെയ്ഡിനെ ന്യായീകരിച്ച് ഹോട്ടലില്‍ താമസക്കാരനായ എം വി നികേഷ് കുമാര്‍

Update: 2024-11-06 11:05 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയതിനെ ന്യായീകരിച്ച് മുന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍. പരിശോധിക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ മുറി തുറന്നുകൊടുത്തു. പരിശോധിച്ചിട്ട് അവര്‍ പോയി. ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യം എന്തിനാണ് എന്നാണ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

നികേഷ് കുമാറിന്റെ വാക്കുകള്‍

എന്റെ മുറിയില്‍ വന്നുനോക്കിയിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെയാണ് വന്നത്. ഞാന്‍ റൂം തുറന്നുകൊടുത്തു, അവര്‍ പരിശോധിച്ചിട്ട് പോയി. ഇലക്ഷനുമായി ബന്ധപ്പെട്ടുളള പരിശോധനയാണെന്നാണ് പറഞ്ഞത്. നമ്മള്‍ വണ്ടിയില്‍ പോകുമ്പോള്‍ സാധാരണ ഗതിയില്‍ ഇങ്ങനെ പരിശോധന നടക്കാറുണ്ടല്ലോ. അത്രയും ഗൗരവമായി മാത്രമേ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ. പരിശോധനയെ തടയേണ്ട കാര്യമെന്താണ്?.

എല്ലാവരുടെ മുറിയും പരിശോധിക്കുന്ന സമയത്താണ് എന്റെ മുറിയും പരിശോധിച്ചെന്നാണ് ഞാന്‍ കരുതുന്നത്. പിന്നീട് ടി വി കണ്ടപ്പോഴാണ് അത് വലിയ ഇഷ്യൂവായതായി കണ്ടത്. അപ്പോഴാണ് പരിശോധനയുടെ മാനം രാഷ്ട്രീയ തലത്തിലേക്ക് മാറുന്നതായും കണ്ടത്. ആരുടെ ഇന്‍ഫര്‍മേഷന്റെ അടിസ്ഥാനത്തിലാണ് പരിശോധന, ആര്‍ക്കെതിരെയാണ് പരിശോധന എന്നൊന്നും നമുക്ക് അറിയില്ലല്ലോ?

പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ മുറി തുറന്നുകൊടുക്കുന്നു. അവര്‍ പരിശോധിക്കുന്നു. പോകുന്നു. നമ്മള്‍ എന്തിനാണ് അതിനകത്ത് ടെന്‍ഷന്‍ ആകുന്നത്. നമ്മളെന്തിനാണ് ആളെ കൂട്ടുന്നത്. എന്തിനാണ് അതിനകത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത്. അതെനിക്ക് മനസിലാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഹോട്ടലില്‍ നടത്തുന്ന പരിശോധനയില്‍ എന്റെ മുറിയും ഭാഗമാണ് എന്നുള്ളതുകൊണ്ട് ഞാനും അതില്‍ ഭാഗഭാക്കാകേണ്ടതാണ്. പരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. എനിക്ക് തോന്നിയില്ലല്ലോ?

ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നാടകീയ രംഗങ്ങളും സംഘര്‍ഷവും അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ട്രോളി ബാഗില്‍ പണം എത്തിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

Tags:    

Similar News