പിണറായിക്ക് മറുപടി പറയാന്‍ ആന്റണിയെത്തി; മുതിര്‍ന്ന നേതാവിന്റെ അപ്രതീക്ഷിത എന്‍ട്രി ഗുണകരമെന്ന് വിലയിരുത്തി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍; പ്രകോപിപ്പിച്ചത് സഭയില്‍ ആരും പ്രതിരോധിക്കാന്‍ ഉണ്ടാകാതിരുന്നത് കൊണ്ടെന്നും മറുവാദം; ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്സൈറ്റിലുള്ളത്
പിണറായിക്ക് മറുപടി പറയാന്‍ ആന്റണിയെത്തി
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്ന കാലത്താണ് അപ്രതീക്ഷിതമായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്‍ട്രി നടത്തിയത്. തന്റെ ഭരണകാലത്ത് നടന്ന രണ്ട് സുപ്രധാന സംഭവങ്ങളെ കുറിച്ച് നിയമസഭയില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എ കെ ആന്റണി എത്തി എന്നത് നല്ല കാര്യമാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രരസുകാര്‍ പറയുന്നു. അതേസമയം പ്രതിപക്ഷം വേണ്ട വിധത്തില്‍ പ്രതിരോധിക്കാത്തതു കൊണ്ടാണ് ആന്റണി രംഗത്തു വരേണ്ടി വന്നതെന്നുമാണ് മറുപക്ഷം പറയുന്നത്.
ശിവഗിരി, മുത്തങ്ങ പോലീസ് നടപടികളെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും വര്‍ഷങ്ങള്‍ക്കുശേഷവും തന്നെ കടന്നാക്രമിക്കുന്നതിലുള്ള പ്രയാസമാണ് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയെ പ്രകോപിപ്പിച്ചതെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. ചൊവ്വാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും നടത്തിയ പരാമര്‍ശങ്ങളെ പ്രതിപക്ഷം ഖണ്ഡിച്ചില്ല.
ശിവഗിരിയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ, നിയമിക്കപ്പെട്ട ജസ്റ്റിസ് ഭാസ്‌കരന്‍ നായര്‍ കമ്മിഷനാണ്. ആ സര്‍ക്കാരിന്റെ കാലത്തുതന്നെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതില്‍ പോലീസ് നടപടിയെ കമ്മിഷന്‍ ശക്തമായി ന്യായീകരിക്കുന്നുണ്ട്. 'അവിടെ പോലീസിന്റെ അതിക്രമം ഉണ്ടായില്ലെന്നും പോലീസ് നടപടിയെ ന്യായീകരിക്കാവുന്നതാണെന്നും കമ്മിഷന്‍ മുന്‍ അധ്യായങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്' എന്ന് റിപ്പോര്‍ട്ടില്‍ (പേജ് 350) പറയുന്നു.
ബലപ്രയോഗത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ കത്തിലെ ശക്തമായ ഭാഷ, ഇരുഭാഗത്തുമുള്ള സന്ന്യാസിമാരുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, സന്ന്യാസിമാരല്ലാത്തവരുടെ അനാവശ്യ സ്വാധീനം, മാധ്യമങ്ങളിലെ പ്രചാരണം, നിയന്ത്രണാധീനമല്ലാത്ത ജനക്കൂട്ടം എന്നിവയാണ് പോലീസ് ഇടപെടലിന് വഴിതെളിച്ചതെന്ന് കമ്മിഷന്‍ അഭിപ്രായപ്പെടുന്നുണ്ട്.
മുത്തങ്ങയില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ വന്യജീവി സങ്കേതത്തില്‍ താവളമടിക്കുകയും ഒരു പോലീസുകാരനെ ബന്ദിയാക്കി വധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പോലീസ് വെടിവെപ്പ് ഉണ്ടാകുകയും ഒരു ആദിവാസി യുവാവ് മരിക്കുകയും ചെയ്തത്. സിബിഐ റിപ്പോര്‍ട്ടിലും പോലീസ് നടപടി ന്യായീകരിക്കപ്പെടുന്നു.
ഇതേസമയം, താന്‍ കേരളം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയശേഷം ഇത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ആരുമുണ്ടായില്ലെന്നും ചൊവാഴ്ചയും നിയമസഭയിലും ആരും പ്രതിരോധിച്ചില്ലെന്നുമുള്ള കുറ്റപ്പെടുത്തലുമുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തുനിന്ന് സംസാരിച്ചവര്‍ ശിവഗിരി, മുത്തങ്ങ പോലീസ് നടപടികളിലെ ആക്ഷേപത്തിന് പ്രതിരോധം തീര്‍ക്കാഞ്ഞ സഹപ്രവര്‍ത്തകരോടുള്ള നീരസവും ആന്റണിയുടെ വാക്കുകളില്‍ കാണാം. എന്നാല്‍, നേരിട്ട് വിമര്‍ശിച്ച് സ്വന്തം പാളയത്തിലേക്ക് അദ്ദേഹം ആയുധം തിരിച്ചതുമില്ല.
തിരഞ്ഞെടുപ്പ് അടുത്തുവരവേ, സാമുദായികമായി മുതലെടുക്കാവുന്ന ശിവഗിരി പ്രശ്‌നവും ദുര്‍ബല വിഭാഗങ്ങളെ ബാധിക്കുന്ന മുത്തങ്ങ വിഷയവും വീണ്ടും എടുത്തിടുന്നത് തുടക്കത്തിലേ പ്രതിരോധിക്കേണ്ടതാണെന്നും ആന്റണി കാണുന്നു. അതിനിടെ ഇന്നലെ പത്യേക വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളില്‍ രണ്ടെണ്ണം നിലവില്‍ നിയമസഭ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചതും മാറാട് കലാപം സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിയമസഭ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജ് ജസ്റ്റിസ് വി. ഭാസ്‌കരന്‍ നമ്പ്യാരുടെ അന്വേഷണ റിപ്പോര്‍ട്ടും മാറാട് കലാപം സംബന്ധിച്ച് തോമസ് പി. ജോസഫിന്റെ അന്വേഷണ റിപ്പോര്‍ട്ടുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിയമസഭ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചും മാറാട് കലാപം സംബന്ധിച്ചുമുള്ള ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടും മുത്തങ്ങ വെടിവെപ്പ് സംബന്ധിച്ചുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നാണ് അദ്ദേഹമിന്ന് ആവശ്യപ്പെട്ടത്. ഇതില്‍ മുത്തങ്ങ വെടിവെപ്പ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് 2004 ആഗസ്ത് 16ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതുമാണ്.
മുത്തങ്ങയിലെയും ശിവിഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ തനിക്ക് തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നത് കൂടിയായിരുന്നു എ.കെ. ആന്റണി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം. ഈ രണ്ട് സംഭവങ്ങളുള്‍പ്പടെ തന്റെ ഭരണകാലത്ത് നടന്ന എല്ലാ പൊലീസ് അതിക്രമങ്ങളും കലാപങ്ങളും സംബന്ധിച്ച് അദ്ദേഹമിന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
നിയമസഭയില്‍ ആന്റണിയുടെ കാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതിപക്ഷത്ത് നിന്ന് ആരും മറുപടി പറയാത്തതിനാലാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നത് എന്നും വ്യാഖ്യാനങ്ങളുണ്ട്.