തലസ്ഥാനത്തിന് ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; സിനിമയില്‍ കോര്‍പ്പറേറ്റ്വത്കരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് കസ്റ്റഡിയില്‍

തലസ്ഥാനത്തിന് ഇനി സിനിമാക്കാലം

Update: 2024-12-13 14:24 GMT

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇനി സിനിമാക്കാലം. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി.

സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് സിനിമകള്‍ തയാറാക്കേണ്ടിവരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

''മേളയിലെ ചര്‍ച്ചകളും സംവാദങ്ങളും പുരോഗമനസ്വഭാവമുള്ളതാണ്. സമൂഹത്തിന്റെ നേര്‍പ്രതിഫലനമാണ് പലപ്പോഴും സിനിമയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ രാജ്യത്തെ അവസ്ഥ ഇപ്പോള്‍ കൂടുതല്‍ മോശമാണ്. ആഭ്യന്തര യുദ്ധവും കുടിയിറക്കലും പ്രമേയമായ അര്‍മേനിയന്‍ സിനിമയാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒപ്പംനിന്ന് അവരുടെ ജീവിതാവസ്ഥകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിക്കുന്നത്.'' മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തത്തിന് ധനസഹായം നല്‍കാത്തതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതിഷേധം അറിയിച്ചുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പ്രസംഗിച്ചത്.

ഡിസംബര്‍ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളില്‍നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 13,000 ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവര്‍ത്തകരും മേളയിലെത്തും. ചടങ്ങില്‍ വച്ച് ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത സംവിധായിക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. മുഖ്യാതിഥിയായിരുന്ന ശബാന ആസ്മിയെയും മുഖ്യമന്ത്രി ആദരിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ജി.ആര്‍.അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഷാജി.എന്‍.കരുണ്‍, നടന്‍ മധുപാല്‍ തുടങ്ങിയവരും പങ്കെടുത്തു.

അതിനിടെ മുഖ്യമന്ത്രിയെ ഐഎഫ്എഫ്‌കെ വേദിയില്‍ വച്ച് കൂവിയതിന് ഒരാളെ പൊലീസ് പിടികൂടി. റോമിയോ രാജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെ ഇയാള്‍ കൂവുകയായിരുന്നു.

യുവാവ് ഇപ്പോള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്. കൈവശം ഉണ്ടായിരുന്നത് 2022ലെ പാസാണ്. തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ ആയിരുന്നു 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം. എന്തിനായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Tags:    

Similar News