പുരസ്‌ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു; നേരിട്ട് പോയി ക്ഷണിച്ചിരുന്നു; വരാമെന്നും സമ്മതിച്ചതുമാണ്; തരൂര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; തരൂരിനെ വെട്ടിലാക്കി അജി കൃഷ്ണന്റെ വെളിപ്പെടുത്തല്‍

പുരസ്‌ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു;

Update: 2025-12-12 11:06 GMT

ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. നവംബര്‍ 12ന് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ച് ശശി തരൂരിന് മെയില്‍ അയച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ വസതിയില്‍ പോയതെന്നും അജി കൃഷ്ണന്‍ പ്രതികരിച്ചു.

'മൂന്ന് നാല് തവണ ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ കണ്ടു. ഒരു തവണ തരൂരിനെ നേരിട്ട് കണ്ടു. വരാം എന്ന് ശശി തരൂര്‍ സമ്മതിച്ചു. പരിപാടി ഡയറിയില്‍ കുറിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നേരിട്ട് കണ്ട ദിവസം ഏതാണെന്ന് ഓര്‍മയില്ല. കോണ്‍ഗ്രസിലെ എതിര്‍പ്പ് കാരണമാണ് തരൂര്‍ എത്താത്തത്. തരൂരിനെ ദ്രോഹിക്കാനല്ല, ഒരു അവാര്‍ഡ് കൊടുക്കാനാണ് ശ്രമിച്ചത്. സവര്‍ക്കര്‍ അവാര്‍ഡിന് തരൂര്‍ ഇപ്പോഴും യോഗ്യനാണ്', അജി കൃഷ്ണന്‍ വ്യക്തമാക്കി.

തങ്ങള്‍ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിനെ ചിലര്‍ എതിര്‍ക്കുന്നുവെന്നും സ്വര്‍ണക്കടത്തില്‍ പ്രതിയായ ശിവശങ്കറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിച്ചതില്‍ ആര്‍ക്കും കുഴപ്പമില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു. പാവപ്പെട്ട സ്ത്രീക്ക് ജോലി കൊടുക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും അജി ചോദിച്ചു. തങ്ങള്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവര്‍ തന്നെയാണെന്നും മഹാത്മാഗാന്ധിയുടെ അഹിംസാ വാദത്തിന് എതിരാണെന്നും അജി പറഞ്ഞു. അഹിംസാ വാദം ഇല്ലായിരുന്നെങ്കില്‍ കുറച്ചുകൂടി നേരത്തെ സ്വാതന്ത്ര്യം കിട്ടിയേനെയെന്നും അജി പറഞ്ഞു.

സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന് നല്‍കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. രാജ്നാഥ് സിങ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന തരത്തില്‍ പോസ്റ്ററും പുറത്തിറക്കി. പിന്നാലെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ശശി തരൂര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നായിരുന്നു എംപിയുടെ വിശദീകരണം. ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News