കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനം; അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. അതേസമയം, 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും 10 ലക്ഷം രൂപ അപര്യാപ്തമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
കെട്ടിടം തകര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വര്‍ഷംമുന്‍പു പൊതുമരാമത്തുവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു.
അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സില്‍ക്‌സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നല്‍കുമെന്നും കടയുടമ ആനന്ദാക്ഷന്‍ പറഞ്ഞിരുന്നു.