കുടയും കലവും ക്ലോക്കും വാച്ചുമെല്ലാം ചിഹ്നമാക്കി മത്സരിക്കാന്‍ വാ; പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നേനെ; സുധാകരനെ വെല്ലുവിളിച്ചും പരിഹസിച്ചും ആര്‍.നാസര്‍; 'ശൂധാകരന്‍' എന്ന കളിയാക്കല്‍ കുറിപ്പുമായി എം എം മണിയും

സുധാകരനെ വെല്ലുവിളിച്ചും പരിഹസിച്ചും ആര്‍.നാസര്‍; 'ശൂധാകരന്‍' എന്ന കളിയാക്കല്‍ കുറിപ്പുമായി എം എം മണിയും

Update: 2026-03-14 18:34 GMT

ആലപ്പുഴ: മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. ജി. സുധാകരന്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വരുമായിരുന്നെന്നും, അത് ഒഴിവായെന്നും ആര്‍. നാസര്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ സുധാകരന്‍ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു എന്നും നാസര്‍ ചോദ്യമുയര്‍ത്തി.

സി.പി.എം. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുധാകരനെതിരെ സംഘടിപ്പിച്ച പ്രകടനത്തിനും യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു ആര്‍. നാസര്‍. 80 വയസ്സുവരെ പാര്‍ട്ടിയുടെ ആനുകൂല്യങ്ങള്‍ അനുഭവിച്ച വ്യക്തി ഇപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വെല്ലുവിളിക്കുകയാണെന്ന് നാസര്‍ ആരോപിച്ചു. അമ്പലപ്പുഴയില്‍ മൂന്നു തവണ സുധാകരന്‍ വിജയിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ചപ്പോഴാണ്. കുടയും കലവും ക്ലോക്കും വാച്ചുമെല്ലാം ചിഹ്നമാക്കി മത്സരിക്കാന്‍ താന്‍ സുധാകരനെ വെല്ലുവിളിക്കുന്നതായും നാസര്‍ കൂട്ടിച്ചേര്‍ത്തു.

ജി. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ പാര്‍ട്ടി അതിജീവിക്കുമെന്നും നാസര്‍ വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വീടിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം സുധാകരന്റെ വീടിനു സമീപമുള്ള ജംക്ഷനിലാണ് സമാപിച്ചത്. സുധാകരനെതിരെ പാര്‍ട്ടി ജില്ലാനേതൃത്വം കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി അദ്ദേഹത്തെ 'ശൂധാകരന്‍' എന്ന് വിളിച്ച് ഫേസ്ബുക്കില്‍ പരിഹസിച്ചു. നേരത്തെ, എം.എം. മണിയെ 'ഇടുക്കിയിലെ ശൂ' എന്ന് ജി. സുധാകരന്‍ വിശേഷിപ്പിച്ചതിനുള്ള അതേ നാണയത്തിലുള്ള മറുപടിയായാണ് ഈ പ്രസ്താവനയെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.

Full View

തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് മറുപടിയായി, 'പാര്‍ട്ടിയാണ് വലുത്. പുറത്തുപോയാല്‍ ഞാനും 'ശൂ'എന്ന് എം.എം. മണി കുറിച്ചു. പാര്‍ട്ടി എന്ന ചട്ടക്കൂടിന് പുറത്ത് വ്യക്തികള്‍ക്ക് സ്ഥാനമില്ലെന്നും, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി. സുധാകരന്റെ അവസ്ഥയും ഇതുതന്നെയായിരിക്കും എന്നുമാണ് എം.എം. മണി ഇതിലൂടെ അര്‍ത്ഥമാക്കിയത്.

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു എം.എം. മണിയെ ജി. സുധാകരന്‍ പരിഹാസപൂര്‍വ്വം 'ഇടുക്കിയിലെ ശൂ' എന്ന് വിശേഷിപ്പിച്ചത്. ഇടുക്കിയിലുള്ള മണി എന്തിനാണ് ആലപ്പുഴയിലെ പാര്‍ട്ടിയുടെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സുധാകരന്റെ ഈ പരാമര്‍ശം. ഈ പ്രസ്താവനയ്ക്ക് അതേ ശക്തിയോടെ തിരിച്ചടി നല്‍കാനുള്ള അവസരമായാണ് ജി. സുധാകരന്റെ പാര്‍ട്ടി വിടല്‍ തീരുമാനത്തെ എം.എം. മണി ഫേസ്ബുക്കില്‍ ഉപയോഗിച്ചത്.

പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന ജി. സുധാകരന്റെ പുതിയ നീക്കത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയും സിപിഎം നേതൃത്വം അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് എം.എം. മണിയുടെ പരിഹാസവും എത്തിയിരിക്കുന്നത്.

Tags:    

Similar News