അക്രമത്തിലൂടെ ക്യാംപസുകളില്‍ എസ്.എഫ്‌ഐ എന്ത് രാഷ്ട്രീയമാണ് പറയുന്നത്? 28 വര്‍ഷത്തിന് ശേഷം കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചതോടെയാണ് എസ്.എഫ്‌ഐ ക്ക് ഹാലിളകിയത്: അലോഷ്യസ് സേവ്യര്‍

അക്രമത്തിലൂടെ ക്യാംപസുകളില്‍ എസ്.എഫ്‌ഐ എന്ത് രാഷ്ട്രീയമാണ് പറയുന്നത്?

Update: 2024-12-12 12:09 GMT

കണ്ണൂര്‍: തോട്ടട ഗവ. ഐ. ടി.ഐ യിലെ എസ്.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് 16 ന് കെ.എസ്.യു തോട്ടട ഐ.ടി.ഐ റീജ്യ നല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കണ്ണുരില്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്. എഫ്. ഐ ക്ക് സ്വാധീനമുള്ളയിടങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ വിടില്ലെന്ന നിലപാട് അംഗീകരിക്കില്ല.

എകപക്ഷീയമായ അക്രമമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയത്. കഴിഞ്ഞ 28 വര്‍ഷമായി കെ.എസ്.യുവിന് യൂനിറ്റില്ലാത്ത സ്ഥലമാണ് കണ്ണൂര്‍ ഐ.ടി.ഐ. അവിടെ കെ.എസ്.യു യൂനിറ്റ് സ്ഥാപിച്ചതോടെയാണ് എസ്. എഫ് ഐ ക്ക് ഹാലിളകിയത്. സ്വാതന്ത്ര്യം ജനാധിപത്യം, സോഷ്യലിസമെന്ന് കൊടിയില്‍ എഴുതി വെച്ച എസ്.എഫ്.ഐ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ വിടുന്നില്ല. എന്തു രാഷ്ട്രീയമാണ് എസ്.എഫ്.ഐ ഇതിലൂടെ പറയുന്നതെന്ന് അവര്‍ വ്യക്തമാക്കണം.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊ എസ്.യു യുനിറ്റ് സെക്രട്ടറിയെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കെ.എസ്.യു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഐ.ടി.ഐ ക്യാംപസിലെത്തിയപ്പോള്‍ മര്‍ദ്ദിച്ചത്. ഇതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഇത്തരം നടപടികളെ ശക്തമായി നേരിടാനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ക്യാംപസില്‍ നടത്തുന്ന സമരങ്ങളില്‍ എസ്.എഫ് ഐ യില്ല.

ശനിയാഴ്ച്ച അവധി ദിവസമല്ലെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ കെ.എസ്.യു മാസങ്ങളോളമാണ് സമരം നടത്തിയതെന്നും സര്‍ക്കാരിനെ കൊണ്ടു തീരുമാനം പിന്‍വലിക്കാന്‍ സമരത്തിന് കഴിഞ്ഞുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ആക്രമത്തില്‍ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിനു ശേഷം കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അലോഷ്യസ് സേവ്യര്‍.

Tags:    

Similar News