നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും; അന്‍വറുമായി സഹകരണം വേണണോ എന്നതില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍; അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ്; ലീഗിനെ പുകഴ്ത്തിയതില്‍ സന്തോഷമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും

നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും;

Update: 2025-01-13 07:56 GMT

മലപ്പുറം: നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വി.എസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സ്ഥാനാര്‍ഥി ആരാവണമെന്നതില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പി.വി അന്‍വറുമായി സഹകരണം വേണമെന്നോയെന്നതില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഇനിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും കെ.മുരളീധരന്‍ പറഞ്ഞു. പി.വി അന്‍വര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളു. അതില്‍ തനിക്ക് പരിഭവമൊന്നും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിലമ്പൂരില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിനെതിരെ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നുണ്ടെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പി.വി. അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത് മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. അന്‍വറിന്റെ രാജി സര്‍പ്രൈസ് ആണെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആണ്. മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇനി യു.ഡി.എഫ് ആണ് തീരുമാനം എടുക്കേണ്ടത്. ആദ്യം കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. പിന്നീട് യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നില്‍ക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തില്‍ ഇല്ല. അന്‍വര്‍ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല' -അദ്ദേഹം പറഞ്ഞു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ അറിയുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശവും അന്‍വര്‍ മുന്നോട്ടുവെച്ചിരുന്നു.

Tags:    

Similar News