മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗം; ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നെന്നും എം എ ബേബി
മാധ്യമങ്ങളെ വിമര്‍ശിച്ച് എം എ ബേബി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് സംബന്ധിച്ച് മാധ്യമങ്ങളെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി സമന്‍സ് ലഭിച്ചതായി താന്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും, വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗമാണന്ന് എം എ ബേബി വിമര്‍ശിച്ചു. യുഡിഎഫിന്റെ പ്രചാരണമാണ് ചില പത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുവര്‍ഷം മുന്‍പ് അയച്ച ഒരു നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അത് കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായും, ഈ നടപടികളെല്ലാം അസംബന്ധമാണെന്ന് തനിക്കും മുഖ്യമന്ത്രിക്കും യാതൊരു സംശയവുമില്ലെന്നും ബേബി വ്യക്തമാക്കി. ചെന്നൈയില്‍ നിന്നുള്ള പ്രതികരണത്തെ തലനാരിഴകീറി വിമര്‍ശിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പ്രതികരിച്ചതോടെ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ ബോധ്യമായിരിക്കുകയാണ്. വാര്‍ത്ത വരുന്നതിന് മുമ്പ് സമന്‍സിന്റെ വിവരം പാര്‍ട്ടിയുടെ മുന്നില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, 'പറഞ്ഞിടത്തോളം മതി' എന്നായിരുന്നു ബേബിയുടെ മറുപടി.
അതേസമയം, അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതൃത്വം വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു. എഫ്.ഐ.ആറില്‍ നിന്ന് ആര്‍.എസ്.എസിനെ ഒഴിവാക്കിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനം തള്ളിക്കളഞ്ഞ ബേബി, ഇത് കേവലം സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും കേരള പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.