കാസര്‍കോട്ടെ സിപിഎമ്മിനെ നയിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ എം രാജഗോപാല്‍ എംഎല്‍എ; 36 അംഗ ജില്ലാ കമ്മറ്റിയില്‍ ഒന്‍പത് പുതുമുഖങ്ങള്‍; കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും 'പിണറായി ഇഫക്ടിനെ' തകര്‍ത്ത് തൃക്കരിപ്പൂര്‍ വിജയഗാഥ; കാസര്‍കോട്ടെ നേതൃമാറ്റം സഖാക്കളുടേതാകുമ്പോള്‍

Update: 2025-02-07 08:12 GMT

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സിപിഎം ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എ. കാസര്‍ഗോട്ടെ ജനകീയ മുഖമാണ് എം രാജഗോപാലന്‍, തൃക്കരിപ്പൂരിന്റെ ജനകീയ എംഎല്‍എ എന്ന നിലയില്‍ ജില്ലയിലെ എല്ലാ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ടീയ വിഷയങ്ങളിലും സജീവമായ രാജഗോപാലന്‍, ഇനി സിപിഐ എമ്മിന്റെ കാസര്‍കോട് ജില്ലാ സെക്രട്ടറി. ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കുട്ടിക്കാലത്തു തന്നെ കടന്നു വന്ന രാജഗോപാലന്‍ 2016 മുതല്‍ തൃക്കരിപ്പൂര്‍ എംഎല്‍എയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്. ഗ്രൂപ്പുകള്‍ക്ക് അതീതനാണ് രാജഗോപാല്‍. 36 അംഗ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതുമുഖങ്ങളാണ്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ അര്‍ത്ഥിലും പിടിമുറുക്കി. എന്നാല്‍ കാസര്‍ഗോട്ട് അത്തരമൊരു ഇടപെടല്‍ ഉണ്ടായില്ലെന്നതാണ് വസ്തുത.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് കോട്ടച്ചേരിയിലാണ് പൊതുസമ്മേളനം. കമ്മിറ്റി അംഗങ്ങള്‍: പി ജനാര്‍ദ്ദനന്‍, എം രാജഗോപാലന്‍, കെ വി കുഞ്ഞിരാമന്‍, വി കെ രാജന്‍, സാബു അബ്രഹാം, കെ ആര്‍ ജയാനന്ദ, വി വി രമേശന്‍, സി പ്രഭാകരന്‍, എം സുമതി, വി പി പി മുസ്തഫ, ടി കെ രാജന്‍, സിജിമാത്യു, കെ മണികണ്ഠന്‍, ഇ പത്മാവതി, പി ആര്‍ ചാക്കോ, ഇ കുഞ്ഞിരാമന്‍, സി ബാലന്‍, ബേബി ബാലകൃഷ്ണന്‍, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണന്‍, കെ എ മുഹമ്മദ് ഹനീഫ്, എം രാജന്‍, കെ രാജമോഹന്‍, ഡി സുബ്ബണ്ണ ആള്‍വ്വ, ടി എം എ കരീം, പി കെ നിഷാന്ത്, കെ വി ജനാര്‍ദ്ദനന്‍, മാധവന്‍ മണിയറ, രജീഷ് വെളളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവന്‍, പി പി മുഹമ്മദ് റാഫി, മധു മുതിയക്കാല്‍, ഓമന രാമചന്ദ്രന്‍, സി എ സുബൈര്‍.

ജനകീയ കരുത്തുമായാണ് എം രാജഗോപലന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ബാലസംഘത്തിന്റെ കയ്യൂര്‍ സെന്‍ട്രല്‍ യൂണിറ്റ് സെക്രട്ടറി, കയ്യൂര്‍ വില്ലേജ് സെക്രട്ടറി, ഹൊസ്ദുര്‍ഗ് ഏരിയ സെക്രട്ടറി അഭിവക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകള്‍ വഹിച്ചു. വിദ്യാര്‍ഥി സംഘടന രംഗത്ത് എസ്എഫ്‌ഐ കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി, അഭിവക്ത നീലേശ്വരം ഏരിയാ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസര്‍കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. യുവജന സംഘടനാരംഗത്ത് കേരളാ സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍(കെഎസ് വൈഎഫ്) ഹൊസ്ദുര്‍ഗ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി, അണ്‍എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗണ്‍സില്‍ അംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിര്‍വഹിച്ചു. വര്‍ഷങ്ങളായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്.

കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍ ലീഡറായി പൊതു ജനാധ്യപത്യ രംഗത്തേക്ക് കടന്നു വന്നു. 1982-83 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, 1984-85 കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റംഗം, 1986-87 വര്‍ഷത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്നു. 2000-2005 ല്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തു പ്രസിഡന്റ്, ഗ്രാമ പഞ്ചായത്തു അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2006-2011 വര്‍ഷത്തില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. മൂന്ന് തവണ റെയില്‍വ്വേ പാലക്കാട് ഡിവിഷന്‍ ഡിആര്‍യുസിസി അംഗം, രണ്ട് തവണ റെയ്ഡ്‌കോ ഡയറക്ടര്‍, രണ്ടു തവണ ടെലികോം അഡൈ്വസറി കമ്മിറ്റി മെമ്പര്‍ (ബിഎസ്എന്‍എല്‍), ശിശുക്ഷേമ സമിതി ജില്ലാ ട്രഷര്‍, കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളേജ് എളേരിത്തട്ട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്റു കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.

പരേതരായ കയ്യൂരിലെ പി ദാമോദരന്റെയും എം ദേവകിയുടെയും മകനാണ്. ഭാര്യ ഐ ലക്ഷ്മിക്കുട്ടി, മക്കള്‍: ഡോ. എല്‍ ആര്‍ അനിന്ദിത, എല്‍ ആര്‍ സിദ്ധാര്‍ഥ് (എല്‍എല്‍ബി വിദ്യാര്‍ഥി), മരുമകന്‍: ഡോ.രോഹിത്

Similar News