എംഎല്‍എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്? വി കെ പ്രശാന്ത് കാലാവധി ബാക്കി നില്‍ക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കെതിരെ വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍; ഓഫീസ് വിവാദത്തില്‍ ഇടപെട്ട് കോണ്‍ഗ്രസും

എംഎല്‍എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?

Update: 2025-12-29 04:59 GMT

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എക്കെതിരെ വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍. ഓഫീസ് കെട്ടിട വിവാദത്തില്‍ ഇടപെട്ടാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്നുമാണ് ശബരീനാഥന്റെ ചോദ്യം. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം. നിയമസഭയുടെ എംഎല്‍എ ഹോസ്റ്റലുള്ളത് വികെ പ്രശാന്തിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.

നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎല്‍എ ഹോസ്റ്റലില്‍ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നും ശബരീനാഥന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്. പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎല്‍എ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.

നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎല്‍എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്.

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.


Full View

കെ എസ് ശബരിനാഥന്റെ നിലപാട് ബിജെപിക്ക് അനുകൂലമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പു അടുത്ത കാലത്ത് കോണ്‍ഗ്രസ് കൂടി ഈ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്തത്. ബിജെപി പോലും വിഷയത്തെ രാഷ്ട്രീയമായി കാണാത്ത പശ്ചാത്തലത്തിലാണ് ശബരിനാഥന്റെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം.

അതിനിടെ ഓഫീസിനെ ചൊല്ലിയുള്ള വി കെ പ്രശാന്ത് എംഎല്‍എ -ആര്‍ ശ്രീലേഖ തര്‍ക്കത്തില്‍ ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ രേഖകള്‍ പരിശോധിക്കാന്‍ നീക്കം നടക്കുന്നത്. വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടീസ് അയക്കും. വാടകയ്ക്ക് നല്‍കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്. നഗരത്തിലെ 300 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിന് 832 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്.

തിരുവനന്തപുരം നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ 200 രൂപ വാടക നല്‍കുന്ന സാഹചര്യം ഉണ്ട്. കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി പലര്‍ക്കപം മറിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വികെ പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ രേഖകള്‍ പരിശോധിക്കാനും വാടക കരാര്‍ പുതുക്കി നിശ്ചയിച്ച് നല്‍കണോയെന്നും തീരുമാനിക്കുന്നതിലേക്ക് നഗരസഭ കടക്കും. തുച്ഛമായ വാടക കരാര്‍ പുതുക്കി നിശ്ചയിച്ചേക്കും.

20 വര്‍ഷത്തിലധികമായി വാടക കരാര്‍ പുതുക്കാത്ത കെട്ടിടങ്ങളും തിരുവനന്തപുരത്ത് ഉണ്ട്. കാലങ്ങളായി വാടക കുടിശ്ശികയുള്ള കെട്ടിടങ്ങള്‍ കണ്ടെത്താനും നീക്കം. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗണ്‍സിലര്‍ക്ക് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോര്‍പ്പറേഷന്റെ കെട്ടിടം വാര്‍ഡില്‍ ലഭ്യമല്ലെങ്കില്‍ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാം.

Tags:    

Similar News