'ആര്‍ ശ്രീലേഖ ധിക്കാരിയായ കൗണ്‍സിലര്‍; ബിജെപിക്ക് ചെയ്യാന്‍ എന്തെല്ലാം വേറെയുണ്ട്; ഒന്നാമത്തെ അജണ്ട എംഎല്‍എ ഓഫീസ് ഒഴിപ്പിക്കല്‍ ആക്കുന്നു; ഏറ്റവും നാണംകെട്ട നീക്കം'; രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിട വിവാദത്തില്‍ ബിജെപിയെയും കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയില്‍ സംസാരിക്കുന്ന ധിക്കാരിയായ കൗണ്‍സിലര്‍ ആണ് ആര്‍ ശ്രീലേഖ. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിക്ക് ചെയ്യാന്‍ എന്തെല്ലാം വേറെയുണ്ടെന്നും അതൊന്നും ചെയ്യാന്‍ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎല്‍എ ഓഫീസ് ഒഴിപ്പിക്കല്‍ ആക്കുന്നുവെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാമെന്ന് അദേഹം കുറ്റപ്പെടുത്തി. ആര്‍ ശ്രീലേഖയുടെ നിലപാടിന് അഭ്യര്‍ത്ഥന അപേക്ഷ എന്ന രീതിയില്‍ കാണാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു.
മറ്റത്തൂര്‍ വിഷയം കോണ്‍ഗ്രസിനെ ബാധിച്ച മാറവ്യാധിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന മൂന്ന് പേരുണ്ട്. ഒരാള്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ആണെന്ന് അദേഹം പറഞ്ഞു. മറ്റത്തൂര്‍ കോണ്‍ഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാര്‍ട്ടി ഗോഡ്‌സെ പാര്‍ട്ടിക്ക് അടിമപ്പെടുന്നത് ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയുടെ ആവശ്യം വി.കെ.പ്രശാന്ത് എംഎല്‍എ തള്ളിയിരുന്നു. കൗണ്‍സിലറുടെ തിട്ടൂരം അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എംഎല്‍എ വ്യക്തമാക്കിയപ്പോള്‍, അഭ്യര്‍ഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നും അംഗീകരിക്കുന്നില്ലെങ്കില്‍ നിയമപരമായ വഴി നോക്കുമെന്നുമാണ് ശ്രീലേഖ തിരിച്ചടിച്ചത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറുടെ ഓഫിസിന്റെ സൗകര്യം പരിമിതമാണെന്നതിനാലാണ് എംഎല്‍എയോട് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണു ശ്രീലേഖയുടെ വിശദീകരണം. ഇരുവരും ഇന്നലെ ഇതേ കെട്ടിടത്തില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമായില്ല. കോര്‍പറേഷനിലെ കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതിന്റെ രേഖകള്‍ പരിശോധിക്കുമെന്നു മേയര്‍ വി.വി.രാജേഷ് വ്യക്തമാക്കിയിരുന്നു.
മുന്‍ മേയര്‍ കൂടിയായിരുന്ന വി.കെ.പ്രശാന്തിന്റെ എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലം വാര്‍ഡിലെ കൗണ്‍സിലറാണ് ആര്‍.ശ്രീലേഖ. മൂന്ന് നില കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫിസും, താഴത്തെ നിലയില്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ ഓഫിസുകളുമാണു പ്രവര്‍ത്തിക്കുന്നത്. എംഎല്‍എ ഓഫിസിലെ റിസപ്ഷന്‍ വഴിയാണു കൗണ്‍സിലറുടെ ഓഫിസിലേക്കു പ്രവേശിക്കേണ്ടത്. കോര്‍പറേഷന്‍ കൗണ്‍സില്‍ നിശ്ചയിച്ച വാടക കൊടുക്കുന്നുണ്ടെന്നും മാര്‍ച്ച് വരെയുള്ള വാടക അടച്ചിട്ടുണ്ടെന്നും പ്രശാന്ത് മറുപടി നല്‍കി.
ഇന്നലെ രാവിലെ പ്രശാന്ത് ഓഫിസിലുള്ളപ്പോള്‍ അവിടെയെത്തിയ ശ്രീലേഖ എംഎല്‍എ ഓഫിസില്‍ അദ്ദേഹത്തെ കണ്ട് ആവശ്യം ആവര്‍ത്തിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുറത്താണ് ഓഫിസ് ഒഴിയാനുള്ള അഭ്യര്‍ഥന വച്ചതെന്നറിയിച്ചു. ഏതു നിലയ്ക്കാണെങ്കിലും കാലാവധിക്കു മുന്‍പ് ഒഴിഞ്ഞുതരാന്‍ ബുദ്ധിമുട്ടാണെന്നും, ഇതേ ഓഫിസില്‍ മുന്‍ ബിജെപി കൗണ്‍സിലര്‍ പ്രവര്‍ത്തിച്ച കാലത്തൊന്നും ഇത്തരമൊരു അസൗകര്യം അറിയിച്ചിട്ടില്ലല്ലോയെന്നും വ്യക്തമാക്കി.
എംഎല്‍എ കാലാവധി കഴിയുന്നതുവരെ പ്രശാന്ത് തുടരുന്നതില്‍ തനിക്കു പ്രശ്‌നമില്ലെന്നും താനും തന്റെ ആളുകളും അപ്പുറത്തിരിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിച്ചാല്‍ മതിയെന്നുമായി ശ്രീലേഖ. ഇത്രനാള്‍ സഹിച്ചതിനെക്കാള്‍ ബുദ്ധിമുട്ട് തനിക്കു വരാനില്ലെന്നു പ്രശാന്ത് തിരിച്ചടിച്ചു. ഇതോടെ, തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും പ്രശാന്ത് അനിയനാണെന്നും പറഞ്ഞു ശ്രീലേഖ ആശ്ലേഷിച്ചു. തര്‍ക്കത്തിനില്ലെന്നു പറഞ്ഞു പ്രശാന്തും കൈ കൊടുത്തു. എന്നാല്‍ പ്രശ്‌നത്തിനു പരിഹാരമായില്ല. വാടകക്കരാറുണ്ടോയെന്നു തനിക്കറിയില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കു മറുപടിയായി 872 രൂപ വീതം മാസ വാടക കോര്‍പറേഷന് അടച്ചതിന്റെ രസീത് എംഎല്‍എ ഓഫിസ് പുറത്തുവിട്ടിരുന്നു.
