അമ്പലപ്പുഴയില്‍ 'സ്വതന്ത്രന്‍' ആകുമെന്ന് സഖാവ് പറഞ്ഞാലും സിപിഎമ്മിന് പുറത്താക്കാന്‍ കഴിയില്ല; അംഗത്വം പുതുക്കാത്ത സുധാകരന്‍ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ അവസ്ഥ; ആലപ്പുഴയില്‍ അണികളെ തടഞ്ഞു നിര്‍ത്താന്‍ സിപിഎം; കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ആലപ്പുഴ 'വിസ്മയം'; സുധാകരനെ സ്വീകരിക്കാന്‍ യുഡിഎഫ് റെഡി
ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനും സിപിഎമ്മും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം ഔദ്യോഗികമായി അവസാനിക്കുന്നു. പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നതോടെ സുധാകരന്‍ സാങ്കേതികമായി പാര്‍ട്ടിക്കു പുറത്തായിരിക്കുകയാണ്. ഇതോടെ സുധാകരനെ പുറത്താക്കി 'ആളു കളിക്കല്‍' പരിവേഷം നല്‍കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്.
അംഗത്വം സ്വയം ഇല്ലാതാകുന്നതുവരെ സുധാകരന്‍ തന്ത്രപരമായ കാത്തിരിപ്പിലായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രനായി രംഗത്തിറങ്ങാനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം വിസ്മയകരമായ മാറ്റങ്ങളിലേക്കാണ് നീങ്ങുന്നത്. അംഗത്വം പുതുക്കാത്ത സാഹചര്യത്തില്‍ സുധാകരനെതിരെ അച്ചടക്ക നടപടി എടുക്കാനോ പുറത്താക്കാനോ പാര്‍ട്ടിക്കാവില്ല. ഈ പഴുതാണ് സുധാകരന്‍ കൃത്യമായി ഉപയോഗിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള സഹതാപ തരംഗത്തേക്കാള്‍, സ്വയം ഒഴിഞ്ഞുപോയി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കണക്കുകൂട്ടിയതായാണ് സൂചന.
ഇതോടെ ഇനി സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള അനുനയ നീക്കങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതായി. സുധാകരന്‍ എന്ന വ്യക്തിപ്രഭാവത്തിന് പിന്നില്‍ ആലപ്പുഴയിലെ അണികള്‍ അണിനിരക്കുമോ എന്ന ഭയം സിപിഎമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ അത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സുധാകരനോടുള്ള അവഗണനയും ചര്‍ച്ചയാക്കി അണികളുടെ ചോര്‍ച്ച തടയാന്‍ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്.
ആലപ്പുഴയില്‍ സുധാകരന് ലഭിക്കുന്ന ഏത് പിന്തുണയും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സുധാകരന്‍ സ്വതന്ത്രനായി നില്‍ക്കുന്നത് എല്‍ഡിഎഫ് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കുമെന്നും ഇത് തങ്ങളുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു. താന്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍, വരും ദിവസങ്ങളില്‍ തന്റെ രാഷ്ട്രീയ ഭാവി പരസ്യമാക്കിയേക്കും. അണികളുടെ ഒഴുക്ക് തടയാന്‍ പാര്‍ട്ടി ഗൃഹസന്ദര്‍ശനവും വിശദീകരണ യോഗങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും സുധാകരന്‍ എന്ന കരുത്തനായ നേതാവ് ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കുക അത്ര എളുപ്പമാകില്ല.
ആലപ്പുഴയുടെ വികസന നായകനായി അറിയപ്പെടുന്ന സുധാകരന്‍ അമ്പലപ്പുഴയില്‍ വിസ്മയമാകുമോ എന്നാണ് ഇനി അറിയേണ്ടത്. സുധാകരന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ഇതിനുള്ള തീരുമാനം യുഡിഎഫില്‍ ഉണ്ടായിട്ടുണ്ട്.
