സിപിഐ കൈവിട്ട സി സി മുകുന്ദനെ കോണ്‍ഗ്രസിനും വേണ്ട; നാട്ടികയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; സുനില്‍ ലാലൂരോ സി കെ വിനോദോ സ്ഥാനാര്‍ഥികളായേക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ഒറ്റയ്ക്ക് മത്സരിക്കാന്‍ മുകുന്ദന്‍

സിപിഐ കൈവിട്ട സി സി മുകുന്ദനെ കോണ്‍ഗ്രസിനും വേണ്ട

Update: 2026-03-12 08:20 GMT

തൃശൂര്‍: സിപിഐ പുറത്താക്കിയ നാട്ടിക എംഎല്‍എ സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. നാട്ടികയില്‍ സീറ്റ് നിഷേധിച്ചതോടെയാണ് എംഎല്‍എ പാര്‍ട്ടിയുമായി തെറ്റിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നാട്ടികയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. മുകുന്ദന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടുമോ എന്നതില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

സുനില്‍ ലാലൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. സി കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദന്‍ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന പൊതു അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചു. കെപിസിസി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം കൈകൊള്ളുക.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്നുമായിരുന്നു സി സി മുകുന്ദന്‍ നേരത്തെ പ്രതികരിച്ചത്.

തന്റെ പ്രതിഷേധം അറിയിക്കാനാണ് മത്സരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലൂടെയും ജനങ്ങളോടും തുറന്നുപറയും. ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ അടക്കം എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം സി.പി.ഐ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്നും തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News