എം.എ. ബേബിയുടെ നയതന്ത്ര നീക്കങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിനും പിന്നാലെ സുധാകരന്‍ വഴങ്ങിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശ്വസിച്ചത് വെറുതെയായി; ആലപ്പുഴയില്‍ ക്ലൈമാക്‌സ് മാറി; സിപിഎമ്മിനെ ഞെട്ടിച്ച് ജി. സുധാകരന്‍; അനുനയ നീക്കങ്ങള്‍ പൊളിഞ്ഞു, അമ്പലപ്പുഴയില്‍ 'സ്വതന്ത്ര' പോരാട്ടം; കോണ്‍ഗ്രസിന് വിസ്മയം നല്‍കാന്‍ ജി സുധാകരന്‍; അമ്പലപ്പുഴയില്‍ മത്സരിക്കും

Update: 2026-03-12 06:33 GMT

ആലപ്പുഴ: നാടകീയമായ വഴിത്തിരിവുകള്‍ക്കൊടുവില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ജി. സുധാകരന്റെ പ്രഖ്യാപനം. എം.എ. ബേബിയുടെ നയതന്ത്ര നീക്കങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിനും പിന്നാലെ സുധാകരന്‍ വഴങ്ങിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശ്വസിച്ചിരുന്നെങ്കിലും, വാര്‍ത്താസമ്മേളനത്തിന്റെ ഒടുവില്‍ ചിത്രം മാറി. പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും, തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി ജനവിധി തേടുമെന്ന സന്ദേശം നല്‍കിയാണ് സുധാകരന്‍ മടങ്ങിയത്. ഇതോടെ ആലപ്പുഴയില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ക്കും വന്‍ അട്ടിമറികള്‍ക്കും കളമൊരുങ്ങിയിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ പുന്നപ്രയിലെ വീട്ടില്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ സിപിഎം അനുകൂല നിലപാടാണ് സുധാകരന്‍ സ്വീകരിച്ചത്. 'കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടുപോകില്ലെന്നും പാര്‍ട്ടിയെ ആക്ഷേപിക്കില്ലെന്നും' അദ്ദേഹം പറഞ്ഞതോടെ സിപിഎം കേന്ദ്രങ്ങളില്‍ ആശ്വാസം പടര്‍ന്നിരുന്നു. എം.എ. ബേബിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ച ഉറപ്പുകള്‍ അദ്ദേഹം മാനിക്കുന്നുവെന്ന തോന്നലുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്നതോടെ സുധാകരന്‍ തന്റെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കി. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും ജനങ്ങള്‍ പിന്തുണ നല്‍കുന്നതിനാല്‍ സ്വതന്ത്രനായി പോരാട്ടത്തിനിറങ്ങുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും തന്നെ അവഗണിക്കുന്ന രീതിയും ചൂണ്ടിക്കാട്ടിയാണ് ഈ കടുത്ത നീക്കം. യുഡിഎഫ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നതോടെ ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറും. ബുധനാഴ്ച രാത്രി വൈകി സുധാകരന്റെ വീട്ടിലെത്തി എം.എ. ബേബി നടത്തിയ മണിക്കൂറുകള്‍ നീണ്ട അനുനയ ചര്‍ച്ചകള്‍ ഇതോടെ പാഴായിരിക്കുകയാണ്. തന്നെ ആരും ഇനി വിമര്‍ശിക്കില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞെങ്കിലും, സംഘടനാപരമായ അവഗണനയില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. മുഖ്യമന്ത്രി ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പ്രതികരിക്കാതിരുന്ന സുധാകരന്‍, പിന്നീട് സംസാരിച്ചതായും എന്നാല്‍ വഴങ്ങാന്‍ തയ്യാറായില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സുധാകരന്റെ സഹോദരി പുത്രിയുടെ ഭര്‍ത്താവടക്കമുള്ള ജില്ലാ നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളെയും തള്ളിക്കൊണ്ടാണ് 'പഴയ സിംഹം' വീണ്ടും ഗര്‍ജിക്കുന്നത്. ആലപ്പുഴയില്‍ ഇനി നടക്കാന്‍ പോകുന്നത് സിപിഎം ഔദ്യോഗിക പക്ഷവും സുധാകരനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും. താന്‍ പാര്‍ട്ടിക്കെതിരെ അല്ല മത്സരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Similar News