വോട്ട് കോണ്‍ഗ്രസിന് നല്‍കി; പാതിരാത്രിയില്‍ പകരം വീട്ടല്‍ സ്റ്റീല്‍ ബോംബിലൂടെ; വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ജെഡിയിലെ രജനിയുടെ വീടിന് നേരെ ആക്രമണം; തോല്‍വിക്ക് പിന്നാലെ അഴിയൂരില്‍ അഴിഞ്ഞാട്ടം; പ്രതിക്കൂട്ടില്‍ സിപിഎം
വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ജെഡിയിലെ രജനിയുടെ വീടിന് നേരെ ആക്രമണം
അഴിയൂര്‍: വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ജെഡി അംഗം ചോമ്പാല്‍ പുതിയോട്ടും താഴെ കുനിയില്‍ രജനി തെക്കെ തയ്യിലിന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അക്രമത്തില്‍ ഓഫീസ് റൂമിന്റെ ജനല്‍ പാളികള്‍ തകര്‍ന്നു. സ്ഥലത്ത് നിന്ന് പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്.
പുലര്‍ച്ചെ വലിയ ശബ്ദം കേട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രജനിയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വീടിന് നേരെ ആക്രമണം.
വടകര ഡിവൈഎസ്പി സനല്‍കുമാര്‍, ചോമ്പാല്‍ സിഐ എസ്.സേതുനാഥ് എസ്ഐ സുനില്‍കുമാര്‍ അടങ്ങിയ സംഘം സ്ഥലത്ത് എത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു. വീടിന് പോലീസ് കാവല്‍ എര്‍പ്പെടുത്തി. പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബ് വിട്ടില്‍ നിന്നും കണ്ടെത്തിയത് പിന്നിട് നിര്‍വ്വീരമാക്കി.
കെ.കെ.രമ എംഎല്‍എ, കെ പി മോഹനന്‍ എംഎല്‍എ,മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല, ആര്‍ജെഡി നേതാക്കളായ ഇ.പി.ദാമോദരന്‍, എം.കെ.ഭാസ്‌ക്കരന്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, ജനകീയ മുന്നണി നേതാക്കളായ പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രന്‍, കെ.പി.വിജയന്‍, വി.കെ.അനില്‍കുമാര്‍, പി.കെ. കോയ, സജിവന്‍ വാണിയംകുളം, കവിത അനില്‍കുമാര്‍. സോമന്‍ കോളരാട്, പുരുഷു രാമത്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
രജനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ സി പി എം ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേരെ നടപടിയെടുക്കണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. ബോംബ് എറിഞ്ഞ് അപായപ്പെടുത്താനുള്ള നീക്കം ഏറെ ഗൗരവതരമാണ്. വീടിന് പോലീസ് സംരക്ഷണം വേണമെന്നും എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്നും എംഎല്‍എ പറഞ്ഞു. ഉടന്‍ പ്രതികളെ പിടികൂടണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മോഡല്‍ ബോംബ് രാഷ്ട്രീയത്തിന് ചില കേന്ദ്രങ്ങള്‍ നീക്കങ്ങള്‍ നടത്തുന്നതായി അദ്ദേഹം പറഞ്ഞു: പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു അതേസമയം സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി
