മഹാരാഷ്ട്ര ഗവര്‍ണര്‍ മലങ്കര സഭ ആസ്ഥാനം സന്ദര്‍ശിച്ചു; കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി; ക്രൈസ്തവ സഭകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും; ലഹരി വിപത്തിനെതിരായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും സി പി രാധാകൃഷ്ണന്‍
മഹാരാഷ്ട്ര ഗവര്‍ണര്‍ മലങ്കര സഭ ആസ്ഥാനം സന്ദര്‍ശിച്ചു
കോട്ടയം: മഹാരാഷ്ട്ര ഗവര്‍ണറും ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായ സി.പി. രാധാകൃഷ്ണന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയുമായി ഒരുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. സഭ നടത്തുന്ന സാമൂഹിക സേവനങ്ങളെ പുകഴ്ത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി വിപത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങണം. മലങ്കരസഭക്ക് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്താന്‍ കഴിയും. മഹാരാഷ്ട്രയില്‍ സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രോജക്ട് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ സമൂഹം വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്ന വിഭാഗമാണ്. അതിനാല്‍ ക്രൈസ്തവസഭകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് കേരളത്തിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ കേരളവുമായി ആത്മബന്ധമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
പിറന്നാള്‍ ദിനത്തിലാണ് ഗവര്‍ണര്‍ സന്ദര്‍ശനത്തിനെത്തിയത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന കാതോലിക്കാ ബാവാ, മലങ്കരസഭയുടെ പിറന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ക്ക് ആറന്‍മുള കണ്ണാടി സമ്മാനിച്ചു. സഭ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. തന്റെ മുന്‍ഗാമിയുടെ ഓര്‍മ്മക്കായി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തുടക്കമിട്ട സഹോദരന്‍ ജീവകാരുണ്യ പദ്ധതി ഗവര്‍ണര്‍ പ്രത്യേകം പരമാര്‍ശിച്ചു.
കണ്ടനാട് ഭദ്രാസനത്തില്‍ ബാവാ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിന് ഗുണപരമാണ്. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുകയെന്നത് ജീവിതധര്‍മ്മമാണ്. മഹാരാഷ്ട്രയില്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതായും ഗവര്‍ണര്‍ സൂചിപ്പിച്ചു.
മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ മഹാരാഷ്ട്ര ഗവര്‍ണറെ വൈദിക ട്രസ്റ്റി ഫാ. ഡോ . തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.