മെക് 7 മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കേണ്ട വ്യായാമ മുറ; ജീവിതശൈലീ രോഗങ്ങള്‍ക്ക് ഏറ്റവും വലിയ പ്രതിവിധി; വ്യായാമ മുറ ഉദ്ഘാടനം ചെയ്തു വി കെ ശ്രീകണ്ഠന്‍ എം പി
മെക് 7 മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കേണ്ട വ്യായാമ മുറ
പട്ടാമ്പി: മെക് 7 കൂട്ടായ്മയെ പിന്തുണച്ചു പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. രാജ്യത്തെ മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കേണ്ടതും വ്യാപിപ്പിക്കേണ്ടതുമായ വ്യായാമ മുറയാണ് മെക് 7 എന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി പ്രതികരിച്ചു. മെക് 7 ഹെല്‍ത്ത് ക്ലബ് പട്ടാമ്പി ഏരിയ ഉദ്ഘാടനം ഓങ്ങല്ലൂര്‍ അല്‍ഹുദ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാവുന്നതും ഏഴുതരം വ്യായാമ മുറകളില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുത്തതുമായ 21 ഇനങ്ങളുടെ കൂട്ടായ്മയാണിത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഏറ്റവും വലിയ പ്രതിവിധി ഇത്തരം വ്യായാമമാണെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ വി. അലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മെക് 7 സ്ഥാപകന്‍ ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ മുഖ്യാതിഥിയായി. ബ്രാന്‍ഡ് അംബാസഡര്‍ ഡോ. അറക്കല്‍ ബാവ മുഖ്യപ്രഭാഷണം നടത്തി. അതിനിടെ, മെക് സെവനെതിരെ കഴിഞ്ഞ ദിവസം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ ഇന്ന് നിലപാടില്‍ മലക്കംമറിഞ്ഞു. മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍, വ്യായാമ കൂട്ടായ്മയായ മെക് 7നെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
'രാഷ്ട്രീയ- മത ചിന്തകള്‍ക്ക് അതീതമായ ഇത്തരം പൊതുവേദികളിലും പൊതുയിടങ്ങളിലും അപൂര്‍വം ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്?ലാമി, എസ്?.ഡി.പി.ഐ, സംഘ്?പരിവാര്‍ തുടങ്ങിയ മതരാഷ്ട്ര വാദികളും മതമൗലിക വാദികളും നുഴഞ്ഞുകയറി അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്?. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കവും അനുവദിക്കില്ല. മെക് 7 ഒരു മുന്‍ സൈനികന്‍ രൂപകല്‍പന ചെയ്തതാണെന്നാണ് മനസ്സിലാക്കുന്നത്. അതിനുപിന്നില്‍ ഇത്തരം അജണ്ടകളൊന്നും ഉണ്ടാവില്ല.
അതിലേക്ക് അജണ്ടകളുമായി ആളുകള്‍ കടന്നുകൂടുമെന്നാണ് തങ്ങള്‍ പറഞ്ഞത്' -പി. മോഹനന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണ്. മെക് 7നെക്കുറിച്ച് തങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോയെന്നും പി. മോഹനന്‍ ചോദിച്ചു.