മലപ്പുറത്ത് എം എസ്എഫില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ്; അംഗത്വമെടുത്തത് 2,01,622 വിദ്യാര്‍ത്ഥികള്‍; സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടന അംഗത്വ വിതരണം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നടത്തുന്നത് ആദ്യമായി

മലപ്പുറത്ത് എം എസ്എഫില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ്

Update: 2024-12-02 17:44 GMT

മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ്. 'ഐക്യം, അതിജീവനം, അഭിമാനം' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് നടത്തുന്ന സംഘടന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള അംഗത്വ വിതരണം നവം: 30ന് പൂര്‍ത്തിയായപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അനേകം വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ അഭിമാനപൂര്‍വ്വം എം.എസ്.എഫില്‍ അംഗങ്ങള്‍ ആവുകയും അംഗത്വം പുതുക്കുകയും ചെയ്തതെന്നു ഭാരവാഹികള്‍ പറഞ്ഞു.

ജില്ലയില്‍ 2,01,622 വിദ്യാര്‍ത്ഥികള്‍ അംഗത്വമെടുത്ത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവാണ് ഈ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ഉണ്ടായത്. വളരെ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏറ്റെടുത്തത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് ഇത്തവണ മെമ്പര്‍ഷിപ്പ് വിതരണം നടന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ത്ഥി സംഘടന അംഗത്വ വിതരണം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നടത്തുന്നത്.

എം.എസ്.എഫിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും ഈ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വലിയ കാല്‍വെപ്പാണ്. വിവിധ മണ്ഡലം, പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് കമ്മിറ്റികള്‍ ഗൃഹ സമ്പര്‍ക്ക പരിപാടികളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടത്തിയാണ് അംഗത്വം ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയത്. വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, അംഗത്വം പുതുക്കല്‍, ഓണ്‍ലൈന്‍ വഴി അംഗത്വ ഫീസ് അടക്കല്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് യൂണിറ്റ് കമ്മിറ്റികള്‍ അംഗത്വ ക്യാമ്പയിന് നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് ലഭ്യമാക്കിയത്.

അംഗത്വം വിതരണം പൂര്‍ത്തിയാക്കിയതോടെ ഇനി ഡിസംബര്‍: 30 വരെ യൂണിറ്റ് സമ്മേളനങ്ങളാണ് നടത്തപ്പെടുന്നത്. 'കാലം' എന്ന പേരില്‍ നവാഗത സംഗമങ്ങളാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് തലത്തില്‍ നടത്തപ്പെടുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂര്‍ പഞ്ചായത്തില്‍ കാടപ്പടി യൂണിറ്റ് സമ്മേളനം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ഉദഘാടനം ചെയ്തു. ജില്ലയില്‍ മെമ്പര്‍ഷിപ്പ് വിതരണം വളരെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ എല്ലാ പ്രവര്‍ത്തകരെയും മുഴുവന്‍ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, യൂണിറ്റ് കമ്മിറ്റികളെയും എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. യൂണിറ്റ് സമ്മേളനങ്ങളും വന്‍ വിജയമാക്കാന്‍ എല്ലാവരും കര്‍മ്മ നിരതരാവണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും ജനറല്‍ സെക്രട്ടറി വി.എ.വഹാബും അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News