കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭൂമി വാങ്ങിയതില്‍ അഴിമതി; ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍; പി.പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്

പി.പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്

Update: 2025-02-21 16:57 GMT

കണ്ണൂര്‍ : മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പരാതി നല്‍കി. ജില്ലാ പഞ്ചായത്ത് ഭൂമി വാങ്ങിയതിലെ അഴിമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ബെനാമി കമ്പനിക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയാണ് രേഖകള്‍ സഹിതം മുഹമ്മദ് ഷമ്മാസ് പരാതി നല്‍കിയത്.

തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്ത് നേരിട്ടെത്തി ഡയറക്ടര്‍ യോഗേഷ് ഗുപ്തയ്ക്ക് പി.പി ദിവ്യയുടെ ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം രൂപീകരിച്ച കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനിക്ക് കോടികളുടെ കരാറുകള്‍ ലഭിച്ചതിന്റെയും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി വാങ്ങിയതിന്റെ രേഖകളും ബിനാമി കമ്പനിക്ക് സില്‍ക്ക് വഴിയും ജില്ലാ നിര്‍മ്മിതി കേന്ദ്ര വഴിയും നല്‍കിയ കോടിക്കണക്കിന് രൂപയുടെ കരാറിന്റെ രേഖകളും മുഹമ്മദ് ഷമ്മാസ് നേരത്തെ പുറത്തു വിട്ടിരുന്നു.

ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ബില്‍ഡിംഗ് നിര്‍മ്മിക്കാന്‍ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന് പിന്നിലും അഴിമതിയുണ്ടെന്നും സി. എസ്. ആര്‍ രണ്ടില്‍ ഉള്‍പ്പെടുന്നതും ഡിഫന്‍സ് ലാന്‍ഡിനോട് ചേര്‍ന്നുള്ളതുമായ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല എന്നിരിക്കെ പ്രവേശിക്കാന്‍ വഴി പോലുമില്ലാത്ത സ്ഥലം ന്യായ വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കി സ്വകാര്യ വ്യക്തികളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉപയോഗശൂന്യമായ ഭൂമി ഇപ്പോഴും വെറുതെ കിടക്കുകയാണെന്നും പി.മുഹമ്മദ് ഷമ്മാസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭൂമിയിടപാടിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്ന സ്റ്റേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബിനാമി കമ്പനിയായ കാര്‍ട്ടന്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണ കരാര്‍ നല്‍കിയതിലെ ക്രമക്കേടുകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സില്‍ക്കിന് ലഭിച്ച കരാറുകള്‍ എങ്ങനെ ബിനാമി കമ്പനിയായ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കിട്ടി എന്നത് സംബന്ധിച്ച ഒരു രേഖയും ഇല്ലെന്നും ഇ-ടെന്‍ഡര്‍ നടന്നതിനും രേഖകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് പി.പി ദിവ്യയുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ദുരൂഹമായ ഇടപാടുകളാണെന്നും

സ്‌കൂളുകളില്‍ കുടുംബശ്രീ കിയോസ്‌ക് നിര്‍മ്മിച്ചതിലുള്‍പ്പടെയുള്ള പദ്ധതികളില്‍ വ്യാപക അഴിമതി നടന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും പുറത്തുവരുന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

അഴിമതിയുടെ ആള്‍ രൂപമായ പി.പി ദിവ്യ പെരും കള്ളിയാണെന്നും രേഖകളും തെളിവുകളും പുറത്തുവിട്ടപ്പോള്‍ നിയമനടപടി എന്ന് പറഞ്ഞ ദിവ്യ ഒരു മാസം പിന്നിട്ടിട്ടും മിണ്ടുന്നില്ലെന്നും പി.പി ദിവ്യയുടെ മടിയില്‍ കനം ഉള്ളതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News