പോകുന്ന പോക്കില്‍ കലൂര്‍ സ്റ്റേഡിയവും ചെമ്പാക്കാനുള്ള ശ്രമമാണ് മന്ത്രിയും സര്‍ക്കാര്‍ നടത്തുന്നത്; വിവാദ സ്പോണ്‍സര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കായിക മന്ത്രിയുടെ റോള്‍ എന്താണ്? മെസി വന്നാല്‍ മന്ത്രിക്ക് എത്ര പണം ലഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
സ്റ്റേഡിയം ദുരൂഹതകള്‍ നീക്കണം: മുഹമ്മദ് ഷിയാസ്
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. മെസിയെ എത്തിക്കാമെന്ന പേരില്‍ വിവാദ സ്പോണ്‍സര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കായിക വകുപ്പ് മന്ത്രിയുടെ റോള്‍ എന്താണെന്നും, മെസി വന്നാല്‍ മന്ത്രിക്ക് എത്ര പണം ലഭിക്കുമെന്നും ഷിയാസ് ചോദിച്ചു. പണം ലക്ഷ്യമിട്ടുള്ള നിഗൂഢമായ നീക്കമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നതെന്നും ഷിയാസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തിയോ, സ്റ്റേഡിയം നവീകരണത്തിലോ പ്രവര്‍ത്തന പരിജയമില്ലാത്ത സ്പോണ്‍സറെ മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും, പിന്നില്‍ സാമ്പത്തിക താല്‍പര്യം മാത്രമെന്ന് ഷിയാസ് ആരോപിച്ചു. എഴുപത് കോടി മുടക്കുമെന്ന് വീരവാദത്തിനപ്പുറം എഴുപത് ലക്ഷം രൂപ പോലും സ്പോണ്‍സര്‍ മുടക്കിയിട്ടില്ലെന്നും, അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം നവീകരണത്തിന് ഉപകരാര്‍ നല്‍കിയെങ്കില്‍ അതിനുള്ള മാനദണ്ഡം എന്താണെന്ന് സ്റ്റേഡിയം സ്പോര്‍ട് കേരള ഫൗണ്ടേഷന് നല്‍കി എന്നു പറയുന്ന ജിസിഡിഎ മറുപടി പറയണം. ഇതിലെ കരാറുകള്‍ എന്താണ്. നിയമപരമായ നടപടിക്രമം പാലിച്ചിട്ടിട്ടുണ്ടോ എന്നതടക്കം ജിസിഡിഎ മറുപടി പറയണം. ജിസിഡിഎ കൗണ്‍സില്‍ അംഗങ്ങള്‍ പോലും അറിയാതെയാണ് സ്റ്റേഡിയം കൈമാറിയത്. സ്പോര്‍ട് കേരള ഫൗണ്ടേഷന്‍ ആരാണെന്നും, ഫൗണ്ടേഷന് പിന്നില്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇത് മന്ത്രിയുടെ തട്ടിപ്പാണ്, മന്ത്രിക്കും ഈ ഇടപാടിള്‍ കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും, പോകുന്ന പോക്കില്‍ സ്റ്റേഡിയവും ചെമ്പാക്കാനുള്ള ശ്രമമാണ് മന്ത്രിയും സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിആര്‍ വര്‍ക്കിന് വേണ്ടി കായിക പ്രേമികളെ ചൂഷണം ചെയ്ത് വിറ്റു തുലക്കാനുള്ളതല്ല കേരളത്തിന്റെ പൊതു സ്വത്തെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരന്‍ സ്റ്റേഡിയം നിര്‍മ്മിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ആളുകളാണ് ഇന്ന് സ്റ്റേഡിയം വില്‍ക്കാന്‍ നടക്കുന്നതെന്ന് ഷിയാസ് ആരോപിച്ചു.
കെപിസിസി വൈസ് ജനറല്‍ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, ഐ കെ രാജു, നേതാക്കളായ ജോസഫ് ആന്റണി, ഉല്ലാസ് തോമസ്, സേവിയര്‍ തായങ്കേരി, പി ഡി മാര്‍ട്ടിന്‍, ബാബു പുത്തനങ്ങാടി, ആന്റണി കുരിയത്തറ, വി കെ ശശികുമാര്‍, വിജു ചൂളക്കന്‍, സിജോ ജോസഫ്, കെ വി ജോണ്‍സണ്‍, കെ എം കൃഷ്ണ ലാല്‍, സഫല്‍ വലിയവീടന്‍, ജര്‍ജസ് ജേക്കബ്, എം ജി അരിസ്റ്റോട്ടില്‍, രജനി മണി, ശാന്ത വിജയന്‍, സീന ഗോകുലന്‍, സക്കീര്‍ തമ്മനം, മിന്നാ വിവേര, പയസ് ജോസഫ്, ആന്റണി കലൂര്‍ തുടങ്ങിയവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം സ്റ്റേഡിയം സന്ദര്‍ശിച്ചു.
