മന്ത്രിസ്ഥാന തര്‍ക്കത്തിന് പിന്നാലെ എന്‍സിപിയില്‍ പോര് മൂര്‍ച്ഛിക്കുന്നു; പി സി ചാക്കോക്കെതിരെ എ കെ ശശീന്ദ്രന്‍; പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യം
എന്‍സിപിയില്‍ പോര് മൂര്‍ച്ഛിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ എന്‍സിപിയില്‍ പുകയുന്ന മന്ത്രിസ്ഥാന തര്‍ക്കത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പോര് മൂര്‍ച്ഛിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും കെല്‍ ചെയര്‍മാനുമായ പി കെ രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത് വന്നു. പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണെന്ന് ശശീന്ദ്രന്‍ ആരോപിക്കുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കത്ത് നല്‍കി.
പാര്‍ട്ടി വേദികളില്‍ കൂട്ടായ ചര്‍ച്ചയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതെ വരുമ്പോള്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധം സ്വാഭാവികമാണ്. മന്ത്രിമാറ്റം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്റ് മുന്നോട്ട് പോയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അതിനാല്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകുക എന്നത് ജനാധിപത്യ പാര്‍ട്ടികളില്‍ സ്വാഭാവികമാണ്.
പാര്‍ട്ടി ദേശീയ സമിതി അംഗം കൂടിയായ പി കെ രാജന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യ നേതൃത്വത്തിന് മാത്രമെ പാര്‍ട്ടി ഭരണഘടന പ്രകാരം അധികാരമുള്ളൂ. നിലവില്‍ പാര്‍ട്ടി പ്രസിഡന്റ് എടുത്ത തീരുമാനം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ പ്രതികാര മനോഭാവത്തോട് കൂടിയുള്ള ഇത്തരം നടപടികളില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പിന്മാറണമെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭിന്നതകള്‍ മറന്ന് ഒന്നിച്ചതിന് പിന്നില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണപ്രകാരമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വവും പിസി ചാക്കോ - തോമസ് കെ തോമസ് സഖ്യത്തിനോട് ചായ്‌വ് പ്രഖ്യാപിച്ചാല്‍ നഷ്ടം നിലവിലെ മന്ത്രി എ കെ ശശീന്ദ്രന് മാത്രമായിരിക്കും.
2006 മുതല്‍ നാല് നിയമസഭകളില്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്‍. 1980, 1982 വര്‍ഷങ്ങളിലെ ജയം കൂടി കണക്കിലെടുത്താല്‍ ആറ് തവണ നിയമസഭാംഗമായിട്ടുണ്ട് അദ്ദേഹം. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ തന്നെയാണ് പി സി ചാക്കോയും കണ്ണുവയ്ക്കുന്നത്. ടേം വ്യവസ്ഥയുടെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പി സി ചാക്കോയുടെ കയ്യിലിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം മന്ത്രി സ്ഥാനം ഒഴിയുന്ന തനിക്ക് നല്‍കണമെന്നാണ് നിലവില്‍ എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന ഉപാധി. എന്നാല്‍ എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായതിനാല്‍ ചാക്കോ സംസ്ഥാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നതില്‍ തെറ്റില്ലെന്നാണ് ശശീന്ദ്രന്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇക്കാര്യത്തിലും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് അനുകൂല നിലപാടില്ല.
പി സി ചാക്കോയും തോമസ് കെ തോമസും ഒന്നിച്ചപ്പോള്‍ സംസ്ഥാന സമിതിയിലും ശശീന്ദ്രന്‍ വിരുദ്ധ പക്ഷം ശക്തമായിക്കഴിഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്ററെപ്പോലുള്ള കുറച്ചാളുകളുടെ പിന്തുണ മാത്രമാണ് എകെ ശശീന്ദ്രനുള്ളത്. ഈ സാചര്യത്തില്‍ സമ്മര്‍ദ തന്ത്രവും മതിയായ രീതിയില്‍ വിജയം കാണില്ലെന്നാണ് വിലയിരുത്തല്‍.
നിലവില്‍ രണ്ട് എംഎല്‍എമാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസുമായി വച്ചുമാറണമെന്ന തീരുമാനം അന്നുണ്ടായത്. ദേശീയ നേതാവായിരുന്ന പ്രഫൂല്‍ പട്ടേല്‍, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു ഈ ധാരണ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പൊട്ടിത്തെറികളുടെ ഫലമായി എന്‍സിപി ദേശീയ നേതൃത്വം പിളരുകയും പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനോട് വിടപറയുകയും ചെയ്തു. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ടി പി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനൊപ്പമായതിനാല്‍ ധാരണയെക്കുറിച്ച് പറയാന്‍ തയ്യാറാല്ല. ഈ പ്രതിസന്ധി പിസി ചാക്കോ വഴി തോമസ് കെ തോമസ് ശരദ് പവാറിനെ ബോധിച്ചപ്പോഴാണ് കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിലേക്ക് എത്തിനില്‍ക്കുന്ന നിലയുണ്ടായത്.
മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെ സംരക്ഷിക്കാന്‍ നിലവില്‍ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയം എന്‍സിപിയുടെ ആഭ്യന്തര വിഷയം എന്ന നിലയില്‍ അകലം പാലിക്കുകയാണ് മുഖ്യന്ത്രിയുള്‍പ്പെടെയുള്ളവര്‍. എന്നാല്‍ എലത്തുര്‍ സീറ്റില്‍ സിപിഎമ്മിന് താല്‍പര്യമുണ്ട്. സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെപ്പിന്റെ കാലത്ത് തന്നെ സിപിഎം നടത്തിയിരുന്നു. അവസാന നിമിഷമാണ് സീറ്റ് എന്‍സിപിക്ക് നീക്കിവച്ചതും. അതിനാല്‍ സിപിഎം നിലപാട് തിരിച്ചടിയാകുമോ എന്ന ആശങ്ക പി സി ചാക്കോയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.