ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്; രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണ്; അതിനപ്പുറം ഒന്നും പറയാനില്ല; വീണയുടെ മൊഴിയെടുക്കലില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്

പുതുമയൊന്നുമില്ല, ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്

Update: 2024-10-13 09:47 GMT

കോഴിക്കോട്: സി.എം.ആര്‍.എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) മൊഴിയടുത്ത സംഭവത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇതിന്റെ രാഷ്ട്രിയ നിലപാടുകള്‍ പാര്‍ട്ടിയും മറ്റ് ബന്ധപ്പെട്ടവരും പറഞ്ഞതാണ്. ഇതില്‍ പുതുമയൊന്നുമില്ലെന്നും ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണെന്നും മന്ത്രി പ്രതികരിച്ചു.

ഇത്തരത്തില്‍ ഒരു കാര്യം വരുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ പോകുമെന്ന് മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണ്. തൃശൂര്‍ സീറ്റിന് വേണ്ടി കോംപ്രമൈസുകള്‍ നടന്നെന്ന് പോലും ഇക്കാര്യത്തില്‍ പ്രചരണം നടന്നിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പല കാര്യങ്ങളിലും ബി.ജെ.പിയും ആര്‍.എസ്.എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചിരുന്നില്ലേ, ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് സ്വഭാവികമായും ജനങ്ങള്‍ ചിന്തിക്കും. ഇത് സംബന്ധിച്ചുള്ള രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീണ എസ്.എഫ്.ഐ.ഒയ്ക്ക് മുമ്പില്‍ ഹാജരായത്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല.

Tags:    

Similar News