ഹൈക്കോടതി വിധി: സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം; രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം; ഭരണഘടനയെ അപമാനിച്ച ആളെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റെന്നും വി ഡി സതീശന്‍

സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍

Update: 2024-11-21 06:52 GMT

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മന്ത്രി സ്ഥാനത്ത് ഇരുന്ന് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്വേഷണം ഇനിയും പ്രഹസനമായി മാറുമെന്നും സതീശന്‍ ആരോപിച്ചു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വയ്ക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സജി ചെറിയാന്‍ മന്ത്രിയായി തുടര്‍ന്നു കൊണ്ട് എങ്ങനെയാണ് സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടക്കുന്നത്? അന്ന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ രാജിവച്ചതിനേക്കാള്‍ ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രിയും ചെയ്തത്. മന്ത്രിസഭാ പുനപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധി. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തിലെ ഖണ്ഡിക അതുപോലെ മലായാളത്തിലേക്ക് വിവര്‍ത്തനം ചെയ്താണ് സജി ചെറിയാന്‍ ഭരണഘടന കുന്തമാണെന്നും കൊടച്ചക്രമാണെന്നുമുള്ള പ്രസംഗം നടത്തിയത്. രാജ്യത്ത് സംഘ്പരിവാര്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞത്.

പൊലീസില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന് ആദ്യം പറഞ്ഞത് ആനി രാജയാണ്. ഇപ്പോള്‍ സിവില്‍ സര്‍വീസിലും നുഴഞ്ഞു കയറ്റമുണ്ട്. ഇക്കാര്യം വ്യക്തമായിട്ടും വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സംഘ്പരിവാര്‍ അജണ്ടയ്ക്ക് സര്‍ക്കാരും കുടപിടിച്ചു കൊടുക്കുകയാണ്. വാട്സാപ് ഉണ്ടാക്കിയ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ സിവില്‍ സര്‍വീസിനെ അപകടകരമായ രീതിയിലേക്ക് കൊണ്ടു പോകും. ഐ.എ.എസില്‍ ഇന്നു കൊണ്ട് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്തത് എല്ലാവര്‍ക്കും അറിയാം. അതില്‍ എന്ത് നിയമോപദേശമാണ് തേടേണ്ടത്? ഏതെങ്കിലും ക്ലാര്‍ക്കോ പ്യൂണോ ആയിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്തേനെ. സര്‍ക്കാരിന്റെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംരക്ഷിക്കുന്നത്.

പാലക്കാട് 71 ശതമാനത്തില്‍ അധികം പോളിങുണ്ട്. വീടുകളില്‍ ചെയ്ത വോട്ട് കൂടി ചേര്‍ക്കുമ്പോള്‍ പോളിങ് ശതമാനം ഉയരും. യു.ഡി.എഫ് പ്രതീക്ഷിച്ച പോളിങ് ശതമാനമാണ് പാലക്കാടുണ്ടായത്. ടൗണില്‍ പോളിങ് കൂടിയെന്നും ഗ്രാമങ്ങളില്‍ പോളിങ് കൂടിയെന്നും ഇന്നലെ മാധ്യമങ്ങള്‍ പറഞ്ഞത് ശരിയല്ല. ടൗണില്‍ കുറയുകയും ഗ്രാമ പ്രദേശങ്ങളില്‍ കൂടുകയുമാണ് ചെയ്തത്. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ ഉജ്ജ്വലമായ വിജയമുണ്ടാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോള്‍ ചെയ്തിട്ടുണ്ട്. അഞ്ച് തവണയാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ച ഫലം പാലക്കാടുണ്ടാകും. മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല.

Tags:    

Similar News