അതൃപ്തര്‍ക്ക് സ്വാഗതമെന്ന് കെ സുരേന്ദ്രന്‍; സിപിഎമ്മിന് രാഷ്ട്രീയ പാപ്പരത്വമെന്ന് പി കെ കൃഷ്ണദാസ്; മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബി ഗോപാലകൃഷ്ണന്‍; ജി സുധാകരനെ സ്വാഗതം ചെയ്ത് ബിജെപി; അവഗണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ പ്രതികരണം

ജി സുധാകരനെ സ്വാഗതം ചെയ്ത് ബിജെപി

Update: 2024-12-01 16:23 GMT

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് വീണ്ടും ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസും ജി സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ ആലപ്പുഴയിലെ സിപിഎമ്മില്‍ പലവിധ പ്രശ്നമുണ്ടെങ്കിലും പരസ്യമായി ആളികത്തിക്കില്ലെന്നും അവഗണന നേരിടുമ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നുമാണ് ജി സുധാകരന്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സി വേണുഗോപാല്‍ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ജി സുധാകരന്‍ സത്യസന്ധനായ നേതാവാണ്. ബിജെപിക്കൊപ്പം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സുധാകരനെ പോലെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമല്ല കോണ്‍ഗ്രസ്. സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും നല്ല നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും പി കെ കൃഷണദാസ് പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും കാര്‍ബണ്‍ കോപ്പികളാണ്. മാധ്യമങ്ങള്‍ ശത്രുക്കളല്ല, മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്മൂലന രാഷ്ട്രീയമാണ് സിപിഎമ്മിന്റെ അടിത്തറയിളക്കിയത്. സിപിഐഎം ആഗ്രഹിച്ചത് പോലെ കണ്ണൂര്‍ രാഷ്ട്രീയമല്ല കരുനാഗപള്ളി രാഷ്ട്രീയമാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

സിപിഐഎമ്മിന് രാഷ്ട്രീയ പാപ്പരത്വമുണ്ട്. ജയകൃഷ്ണന്റെ മരണശേഷം സിപിഎം നേരിട്ടത് വന്‍ തകര്‍ച്ചയാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച പിണറായി മനപ്പൂര്‍വം മുടിവെക്കാന്‍ ശ്രമിക്കുകയാണ്. പിണറായിക്ക് മറവിരോഗം ഇല്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

അതൃപ്തര്‍ക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക്ഷണിച്ചത്. ജി സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങള്‍ വാസ്തവമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിനെ മണല്‍ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്‌ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്നായിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ജി സുധാകരനെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണാന്‍ പോയ ആളാണ് താന്‍. ജി സുധാകരനെ ഷാളിട്ട് താന്‍ സ്വീകരിച്ചു. തന്നെ ജി സുധാകരന്‍ വീടിനു മുന്നിലെ ഗേറ്റില്‍ വന്നാണ് സ്വീകരിച്ച അകത്തു കൊണ്ടുപോയത്. ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നു. മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു

ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കില്‍ ഇ പി ജയരാജന്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവര്‍ണറായേനെ. ഇ പി ജയരാജന്‍ പരിപ്പുവടയും കട്ടന്‍ ചായയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പലഘട്ടങ്ങളില്‍ ജി സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു.

സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണം. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുമ്പോഴും സിപിഎമ്മിനെ തള്ളി പറയാന്‍ ജി സുധാകരന്‍ തയ്യാറായിട്ടില്ല. അസംതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണം നടത്തില്ല. എന്നാല്‍ തന്റെ പ്രധാന്യം സിപിഎമ്മിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും മടിക്കില്ല. പാര്‍ട്ടിയില്‍ സ്ഥാനമാനമില്ലാഞ്ഞിട്ടും താന്‍ പ്രധാനിയാണെന്ന് എതിരാളികള്‍ കാണുന്നുവെന്ന് ജി സുധാകരന്‍ പറയുന്നത് അളന്നുമുറിച്ചുള്ള വാക്കുകളിലൂടെയാണ്. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് എല്ലാ അര്‍ത്ഥത്തിലും സുധാകരന്റെ നിലപാട്.

നേരത്തെ മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്‌നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു സുധാകരന്‍. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന്‍ അറിയിച്ചു. ഇന്ന് രാവിലെ പത്രത്തിന്റെ ക്യാംപെയ്ന്‍ ഉദ്ഘാടനം ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം. ഉദ്ഘാടനം മാറ്റാന്‍ ജി സുധാകരന്‍ ആവശ്യപ്പെട്ടതായി മുസ്ലീം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റ് അറിയിച്ചു. ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേവലം സിപിഎം നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം എംഎല്‍എയും മന്ത്രിയുമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ വര്‍ഷവും ജി സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് കെസി വേണുഗോപാല്‍ സുധാകരനെ കാണാനെത്തിയത്. ഇവിടേയും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും സുധാകരന്‍ ചെയ്യുന്നില്ല.

തനിക്ക് ഒരു അസംതൃപ്തിയുമില്ല. കഴിഞ്ഞ വര്‍ഷത്തെ തന്റെ രാഷ്്ട്രീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും തന്നെ പറ്റി പറയേണ്ടിവരുന്നു. തന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കും അവഗണിക്കാനാവില്ലെന്നതാണ് അത് വ്യക്തമാക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

ആരോഗ്യ വിവരം തിരക്കാനാണ് സുധാകരന്റെ വീട്ടില്‍ കെസി എത്തിയത്. കൂടിക്കാഴ്ചയ്്ക്ക് പിന്നാലെ സൗഹൃദസന്ദര്‍ശനമെന്ന് ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോഗ്യവിവരം തിരക്കിവന്നതാണെന്ന് ജി സുധാകരനും സന്ദര്‍ശനം വ്യക്തിപരമെന്ന് കെസി വേണുഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ സുഖമില്ലാതെ കിടന്നതറിഞ്ഞ് വന്നതാണ്. ഞങ്ങള്‍ ഒരുപാട് കാലം അസംബ്ലിയില്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വന്നതാണ്. സുഖമില്ലാതെ കിടന്നപ്പോള്‍ ഒരുപാട് പേര്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ ഒന്നുമില്ലാത്തത് കൊണ്ട് നിങ്ങള്‍ ഇതും വാര്‍ത്തയാക്കുകയാണ്'- സുധാകരന്‍ പറഞ്ഞു.

ഞാന്‍ 62 വര്‍ഷമായി രാഷ്ട്രീയത്തില്‍ ഉള്ള ആളല്ലേ?. ഇപ്പോഴും ഉണ്ടല്ലോ. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളല്ലേ ഒഴിഞ്ഞുള്ളു. അത് ഞങ്ങള്‍ എല്ലാ കൂടീ തീരുമാനിച്ചതാണല്ലോ. എനിക്ക് ഒരു അസംതൃപ്തിയുമില്ല. ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരാളെന്ന് എതിരാളികള്‍ കരുതുന്നു. അതാണ് രാഷ്ട്രീയം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും എന്റെ കഴിഞ്ഞ വര്‍ഷത്തെ രാഷ്്ട്രീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും എന്നെ പറ്റി പറയേണ്ടിവരുമെന്നും. എന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കുംഅവഗണിക്കാനാവില്ല' 'കെ സുരേന്ദ്രന്‍ പറയുന്നതിനൊക്കെ താന്‍ മറുപടിയ പറയണോ? അത് എന്ത് പത്രധര്‍മ്മമാണ്. എന്റെപേര് ആരെല്ലാം ലോകത്ത് പറയുന്നുണ്ട്. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനല്ലേ?. അതിന് എല്ലാ സമാധാനം പറയുന്ന രീതി എനിക്ക് ഇല്ല. ഞാന്‍ ഇപ്പോള്‍ അധികമൊന്നും പ്രതികരിക്കാറില്ല'- സുധാകരന്‍ പറയുന്നു.

Tags:    

Similar News