' വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ അല്ല; കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ആവശ്യപ്പെട്ടിരുന്നു'; എതിര്‍ക്കുന്നത് സമാന്തര കൂട്ടായ്മക്കു വേണ്ടിയോ? സിപിഎമ്മിന് മറുപടിയുമായി മെക് സെവന്‍
സിപിഎമ്മിന് മറുപടിയുമായി മെക് സെവന്‍
കോഴിക്കോട്: മെക് സെവന്‍ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ ടിപിഎം ഹാഷിറലി. മലബാറില്‍ വലിയ പ്രചാരണം നേടിയ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരെ വിമര്‍ശനവുമായി സി.പി.എമ്മും സമസ്ത എ.പി. വിഭാഗവും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി മെക് സെവന്‍ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ രംഗത്ത് വന്നത്.
ഈ കൂട്ടായ്മക്ക് ആശംസ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ട്. കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് കോര്‍ഡിനേറ്റര്‍ ടി.പി.എം ഹാഷിറലി മെക് സെവന്റെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുന്‍ മന്ത്രി അഹമദ് ദേവര്‍കോവിലാണ്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും പരിപാടികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവന്‍ കൂട്ടായ്മയില്‍ സിപിഎം നേതാക്കളും ഉണ്ടെന്നും കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ അവകാശപ്പെട്ടു.
സിപിഎം വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സമാന്തരമായി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും അത് കൊണ്ടാകാം ഇതിനെ എതിര്‍ക്കുന്നതെന്നും ടിപിഎം ഹാഷിറലി പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും ഹാഷിറലി പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും മേയര്‍ ബീന ഫിലിപ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘടാകര്‍ പുറത്തുവിട്ടിരുന്നു. നിലവിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെട്ടവരും കൂട്ടായ്മയില്‍ ഉണ്ടെന്നുമാണ് മെക് സെവന്‍ അധികൃതരുടെ വിശദീകരണം. അതേ സമയം മെക് സെവന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതോടെ രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ ഇതില്‍പ്പെട്ടു പോകരുതെന്നുമാണ് സമസ്ത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു.
ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവന്‍. മലപ്പുറം തുറക്കലിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സ്വലാഹുദ്ധീനാണ് സ്ഥാപകന്‍. 2022ല്‍ തുടങ്ങിയ മെക് സെവന്‍ മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയില്‍ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും കയ്യുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
വിമര്‍ശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് പി മോഹനന്റെ വിമര്‍ശനം. മെക് സെവന്‍ വാട്‌സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറഞ്ഞു.
മെക് സെവന് ചതി ഉണ്ടെന്നും വിശ്വാസികള്‍ പെട്ടുപോകരുതെന്നും എ.പി വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു. മെക് സെവന്‍ പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.
'മുസ്ലിം പോക്കറ്റുകളിലാണ് മെക് സെവന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്താണ് ഇവരുടെ സമുദായ താല്‍പര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തില്‍ എന്‍.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.'- മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.
ആരോപണങ്ങളെല്ലാം നിഷേധിച്ച് മെക് സെവന്‍ അംബാസിഡര്‍ ബാവ അറക്കല്‍ പ്രതികരിച്ചിരുന്നു. സദുദ്ദേശത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവന്‍. വളരെ എളുപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തമാകാന്‍ കഴിയുന്നത് കൊണ്ടും സൗജന്യമായി നല്‍കുന്നതുകൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലുള്ളവലും മെക് സെവനിന്റെ ഭാഗമാണ്. മലപ്പുറത്ത് പന്ത്രണ്ടോളം ലീഗ് എം.എല്‍.എമാര്‍ മെക്‌സവന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബാവ അറക്കല്‍ വ്യക്തമാക്കി.