രാഷ്ട്രപതിയെക്കുറിച്ചും ഇതേ അഭിപ്രായമോയെന്ന് ഒ ആര്‍ കേളു; സുരേഷ്ഗോപിയാണോ ഉന്നതരെ തീരുമാനിക്കുന്നതെന്ന് കെ.രാധാകൃഷ്ണന്‍; ഇന്ത്യയ്ക്ക് അപമാനമെന്ന് സി കെ ജാനു; കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാനായെന്ന് ബിനോയ് വിശ്വം; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നു

സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നു

Update: 2025-02-02 11:29 GMT

കോട്ടയം: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധവും കടുത്ത വിമര്‍ശനവുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കള്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരാണെന്നും രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ഒ.ആര്‍. കേളു ചോദിച്ചു. ബിജെപിക്കാര്‍ പോലും ഇതു മുഖവിലയ്ക്ക് എടുക്കില്ല. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്ക്ക് എടുക്കില്ലെന്നും കേളു പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ.രാധാകൃഷ്ണന്‍ എംപി പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതന്‍ എന്നു പറഞ്ഞു നടപ്പാണ് പണി. കേരളത്തെ തകര്‍ക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കാന്‍ സുരേഷ് ഗോപി അര്‍ഹനല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി.കെ.ജാനു പറഞ്ഞു. ഞങ്ങളെ പോലുള്ളവര്‍ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും ജാനു പറഞ്ഞു.

''അടിമ-മാടമ്പി മനോഭാവമാണിത്. നൂറ്റാണ്ടുകളായി ഉന്നത കുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായിട്ടില്ല. ഒരു സവര്‍ണ ഫാഷിസ്റ്റ് ആയതുകൊണ്ടാണ് അയാള്‍ക്കങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണ്'' ജാനു വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നാണ് സിപിഐയുടെ വിമര്‍ശനം. കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി. മന്ത്രിസഭയില്‍ നിന്നും സുരേഷ് ഗോപിയെ പ്രധാനമന്ത്രി പുറത്താക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാണ് സിപിഐയുടെ ആവശ്യം.

ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂര്‍വം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ആദിവാസി വിരുദ്ധവും കേരളവിരുദ്ധവുമായ പ്രസ്താവനകള്‍ ചെയ്യുന്ന ഈ മന്ത്രിമാരുടെ നടപടികളെ കുറിച്ച് കേരളത്തിലെ ബിജെപിയുടെ പ്രതികരണം അറിയാന്‍ കേരള ജനതയ്ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണന്നാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തന്റെ ആവശ്യം. എങ്കില്‍ മാത്രമേ അവരുടെ കാര്യത്തില്‍ ഉന്നമനം ഉണ്ടാവുള്ളൂ. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തന്റെ ആവശ്യം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യപരമായി അത്തരം മാറ്റങ്ങള്‍ കൊണ്ടുവരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാല്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏകസ്വരത്തില്‍ ഉയര്‍ത്തിയത്. ജോര്‍ജ് കുര്യന്‍ രാജിവച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് മുന്‍പില്‍ പിച്ചച്ചട്ടി നീട്ടി നില്‍ക്കാന്‍ സൗകര്യമില്ലെന്നും പരാമര്‍ശത്തില്‍ ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതികരിച്ചു.

Tags:    

Similar News