കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!
കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ച സിപിഎം പയറ്റുന്നത് തനിക്കാക്കി വെടക്കാക്കുന്ന തന്ത്രം!
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂരില്‍ നിന്ന് മത്സരിക്കും. മട്ടന്നൂരിലെ സിറ്റിംഗ് സീറ്റില്‍ നിന്നും മാറ്റി ശൈജലയെ വിജയസാധ്യത കുറഞ്ഞ പേരാവൂരില്‍ മത്സരിപ്പിക്കുന്നത് ഒതുക്കല്‍ തന്ത്രമാണെന്ന് ആക്ഷേപം ശക്തമാണ്. മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതേക്കുറിച്ച് സ്ഥിരീകരണം നല്‍കാന്‍ കെ കെ ശൈലജ തയ്യാറായില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി സ്ഥനാര്‍ഥി പട്ടിക അംഗീകരിച്ചു. തളിപ്പറമ്പില്‍ പി കെ ശ്യാമളയും മത്സരിക്കും.
മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജയെ യുഡിഎഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ കളത്തിലിറക്കാനാണ് സിപിഎമ്മിന്റെ നീക്കം. അഞ്ച് തവണ മത്സരിച്ചു എന്ന കാരണം പറഞ്ഞാണ് ശൈലജയെ മട്ടന്നൂരില്‍ നിന്നും മാറ്റുന്നത്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ കെ ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മട്ടന്നൂരില്‍ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം. പിണറായി വിജയന്‍ അടക്കമുള്ള പലരും സിറ്റിംഗ് സിറ്റീല്‍ വീണ്ടും മത്സരിക്കുമ്പോഴാണ് ടീച്ചറെ ഒതുക്കുന്ന തന്ത്രം സിപിഎം പയറ്റുന്നത്.
പേരാവൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. ടീച്ചര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ അത് സംസ്ഥാനത്ത് സിപിഎമ്മിന്റെ സാധ്യത കുറയ്ക്കുമെന്നും ചര്‍ച്ചയാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ടീച്ചര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയെന്ന പ്രതീതി സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരിയില്‍ മത്സരിച്ച കെ ക ശൈലജ പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പേരാവൂരിലും സിപിഎമ്മിന് വിജയസാധ്യത കുറവാണ്. ഇനിയൊരു തോല്‍വി കൂടി നേരിട്ടാല്‍ അത് കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അന്ത്യമാകും.
പാര്‍ട്ടിക്കു വലിയ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ടേമില്‍ ഇളവു വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അതേപടി നടപ്പാക്കുകയാണു മട്ടന്നൂരിന്റെയും തലശ്ശേരിയുടെയും കാര്യത്തില്‍ ജില്ലാ നേതൃത്വം ചെയ്തത്. 2021ല്‍ സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം (60,963 വോട്ട്) ലഭിച്ച മട്ടന്നൂര്‍ നിലനിര്‍ത്താന്‍ ശൈലജ വേണമെന്നില്ലെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജനപ്രീതി ഉപയോഗപ്പെടുത്താന്‍ വേണ്ടി കടുപ്പമുള്ള സീറ്റില്‍ മത്സരിക്കട്ടെയെന്ന അഭിപ്രായം എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ മുന്നോട്ടു വെക്കുന്നത്.
ഇളവോടെ താരതമ്യേന സുരക്ഷിത മണ്ഡലം നല്‍കേണ്ടിവന്നാല്‍ വനിതാ സ്ഥാനാര്‍ഥിക്കായി നീക്കിവച്ച തളിപ്പറമ്പാകും പരിഗണിക്കുക. അവിടെ ഇപ്പോഴുള്ള പ്രധാന പേര് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയടേതാണ്. 5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വര്‍ഷം എംഎല്‍എയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങള്‍; 1996ലും 2016ലും കൂത്തുപറമ്പിലും 2006ല്‍ പേരാവൂരിലും 2021ല്‍ മട്ടന്നൂരിലും.
2011ല്‍ ശൈലജയെ തോല്‍പിച്ച സണ്ണി ജോസഫില്‍നിന്നു പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ അവിടെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം 2016ലും 2021ലും പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങള്‍ നല്‍കി. പാര്‍ട്ടിക്കു പുറത്തുള്ളവര്‍ ആദ്യ വനിതാ മുഖ്യമന്ത്രി എന്നുവരെ സാധ്യത കാണുന്ന നേതാവിനെ ഒഴിവാക്കുന്നതു സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. കഴിഞ്ഞതവണ മന്ത്രിസഭാ രൂപീകരണത്തില്‍ ശൈലജ തഴയപ്പെട്ടതു വിവാദമായിരുന്നു.
മണ്ഡലം 2011ല്‍ പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം യുഡിഎഫ് ഘടകക്ഷികളാണ് മട്ടന്നൂര്‍ സീറ്റില്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് എടുത്തേക്കും. കെപിസിസി അംഗം രാജീവന്‍ എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കണ്ണൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ ബിജു ഏളക്കുഴി, സി സത്യപ്രകാശ് എന്നിവരെയാണ് ബിജെപി മട്ടന്നൂരില്‍ പരിഗണിക്കുന്നത്.
അതേസമയം, സംഘടനാരംഗത്തു തഴയപ്പെടുന്ന പി.ജയരാജനെ പാര്‍ലമെന്ററി രംഗത്തും പരിഗണിക്കാനില്ല. രാഷ്ട്രയമായി വിരാമത്തിന്റെ സൂചനയാണ് പി ജയരജാന്‍ ഇതോടെ നല്‍കുന്നതും. മുതിര്‍ന്ന നേതാക്കളില്‍ ചിലരെ മത്സരത്തിനിറക്കാനുള്ള ആലോചന സി.പി.എം. നേരത്തെ ഉപേക്ഷിച്ചിരുന്നു. തോമസ് ഐസക്കും, എം.എം. മണിയും സ്ഥാനാര്‍ഥിമാരാകില്ല. ഉടുമ്പന്‍ചോലയില്‍ മണിക്ക് പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്‍ മത്സരിക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, പി.കെ. ബിജു, പുത്തലത്ത് ദിനേശന്‍, ഇ.പി. ജയരാജന്‍ എന്നിവരൊന്നും സ്ഥാനാര്‍ഥികളാവില്ല.
