സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍; ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നിട്ടും നിലപാട് മാറ്റിയില്ല; സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണമാണ് അതൃപ്തിക്ക് കാരണമെന്ന് സൂചന

സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍

Update: 2026-03-04 05:24 GMT

ആലപ്പുഴ: സിപിഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. 63 വര്‍ഷത്തിന് ശേഷമാണ് ജി സുധാകരന്‍ മെമ്പര്‍ഷിപ്പ് ഇല്ലാതെയിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറായില്ല. സിപിഎം ജില്ലാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരന്‍.

ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരന്‍ അംഗമായിരുന്നത്. സുധാകരന്‍ ഒഴികെയുള്ള 18 അംഗങ്ങളില്‍ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കി. സുധാകരന്‍ പുതുക്കാതെ വന്നപ്പോള്‍ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി. ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാന്‍ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ അപ്പോഴത്തെ മറുപടി.

സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണമാണ് സുധാകരന്റെ അതൃപ്തിക്ക് കാരണം എന്നാണ് സൂചന. സുധാകരനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം സുധാകന്‍ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ല. ഇതെല്ലാം സുധാകരനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം എന്നാണ് സൂചന.

ആലപ്പുഴയിലെ സിറ്റിങ് എംഎല്‍എമാരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാര്‍ത്ഥിസാധ്യത പട്ടിക നല്‍കിയത്. കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നിലേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരിക്കുന്നത്.കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആര്‍ നാസര്‍, കെ എച്ച് ബാബുജാന്‍ എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അരൂരിലും ആര്‍ നാസറിനെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ നാസറിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. നാസര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ല എന്ന് വിലയിരുത്തല്‍ ഉണ്ടായതായാണ് വിവരം.

സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചോദ്യമുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിര്‍ത്തിയവരെപ്പറ്റി ചര്‍ച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി പറഞ്ഞത്.

Tags:    

Similar News