യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനായി തര്‍ക്കം മുറുകുന്നു; അബിന്‍ വര്‍ക്കിക്കായി സമൂഹ മാധ്യമങ്ങളില്‍ പരസ്യ ക്യാമ്പയിന്‍; നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്; ഏകപക്ഷീയമായി പ്രഖ്യാപിച്ചാല്‍ രാജി; വാട്‌സാപ്പിലെ അനാവശ്യമായ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് അബിന്‍

Update: 2025-09-28 15:09 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. അവസാനം നിമിഷം പരിഗണിക്കുന്ന പേരുകളില്‍ കടുത്ത എതിര്‍പ്പുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതായാണ് സൂചന. അബിന്‍ വര്‍ക്കിക്കായി സമൂഹമാധ്യമങ്ങളില്‍ പരസ്യമായി ക്യാമ്പയിന്‍ ഐ ഗ്രൂപ്പ് വിഭാഗം സംസ്ഥാന നേതാക്കള്‍ നടത്തുന്നതായാണ് വിവരം. എന്നാല്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും തള്ളിക്കളയണമെന്നും അബിന്‍ വര്‍ക്കി അഭ്യര്‍ഥിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രോസസ് പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങള്‍ ആര് നടത്തിയാലും അതിനെ തള്ളിക്കളയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അബിന്‍ വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയില്‍, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചര്‍ച്ച ചുരുങ്ങിയതോടെയാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. അബിന്‍ വര്‍ക്കിയുടെ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പുതിയ തീരുമാനം. കെ.എം അഭിജിത്തിനെ പരിഗണിക്കുകയാണെങ്കില്‍ നേരത്തെ വിട്ടുവീഴ്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടിയും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍.

ഏകപക്ഷീയമായി പേര് പ്രഖ്യാപിച്ചാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാനും ആലോചനയുണ്ട്. അബിന്‍ വര്‍ക്കിയെ അവഗണിക്കുന്നതില്‍ വിചിത്ര നീതി എന്നാണ് വിലയിരുത്തല്‍. ഏറ്റവുമധികം വോട്ട് നേടിയ രണ്ടാമന്‍ എന്ന മാനദണ്ഡം അട്ടിമറിക്കാന്‍ കഴിയില്ല. ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഐ ഗ്രൂപ്പ് ആക്ഷേപിക്കുന്നു.

സമൂഹമാധ്യമങ്ങളിലും അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ് നേതാക്കള്‍ ക്യാമ്പയിന്‍ ശക്തമാക്കി. നിലവില്‍ പരിഗണിക്കുന്നവരുടെ യോഗ്യതകള്‍ തരംതിരിക്കുന്ന പട്ടികയും പ്രചരിപ്പിക്കുന്നുണ്ട്. പ്രായം, വിദ്യാഭ്യാസ യോഗ്യത, രണ്ടുവര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് വേണ്ടി ഉള്ള കേസുകളുടെ എണ്ണം, സംഘടന തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തിയ പട്ടികയാണ് പ്രചരിപ്പിക്കുന്നത്. അധ്യക്ഷ പ്രഖ്യാപനം ഇനിയും വൈകുമെന്നാണ് സൂചന. രാഹുല്‍ഗാന്ധി വിദേശപര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷമാകും അധ്യക്ഷ പ്രഖ്യാപനം.

അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് കുറിപ്പ്

' പ്രിയമുള്ളവരെ ...

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാനദണ്ഡപ്രകാരം അബിന്‍ വര്‍ക്കി പ്രസിഡന്റ് ആകണം.......

#natural_justice

NB: അധ്യക്ഷന്റെ അസാന്നിധ്യത്തില്‍ പ്രഥമ ഉപാധ്യക്ഷന്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചട്ടമുള്ളത്..!

ജനാധിപത്യം പുലരട്ടെ..!

ഭരണ ഘടന സംരക്ഷിക്കപ്പെടട്ടെ..!

Abin Varkey Kodiyattu 

KPCC ആസ്ഥാനത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്....ഒക്ടോബര്‍ 2 രാവിലെ 10.30 AM....

പങ്കെടുക്കുക....

ജയ് യൂത്ത് കോണ്‍ഗ്രസ് '

ഞാനിന്ന് വ്യാപകമായി വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു മെസ്സേജ് ആയി കണ്ടതാണ് ഇത്. എന്നെ അധ്യക്ഷന്‍ ആക്കിയില്ലെങ്കില്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും എന്നാണ് ഈ മെസ്സേജില്‍ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങള്‍ കൊണ്ട് യൂത്ത് കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് ഏതു വിധേനയും മറുപടി നല്‍കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രോസസ് പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങള്‍ ആര് നടത്തിയാലും അതിനെ തള്ളിക്കളയണം.

അബിന്‍ വര്‍ക്കി.

Similar News