'ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; പ്രകാശ് ജാവദേക്കറെ കണ്ടു; ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ ഉണ്ടായ വികാരം'; എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ആത്മകഥയെന്ന് എ പി അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ബിജെപി നേതൃത്വത്തിന് താത്പര്യമില്ലായിരുന്നെന്നും പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി. ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ എടുക്കാന്‍ പറ്റില്ലല്ലോ. ജയരാജന് ഞങ്ങളുടെ കൂടെവരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. പ്രകാശ് ജാവദേക്കറെ കണ്ടതും അതിനുവേണ്ടിയായിരുന്നു. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ ഉണ്ടായ വികാരം. കാരണം, ജയരാജനേപ്പോലുള്ള ആള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ബിജെപി, അബ്ദുള്ളക്കുട്ടി പറഞ്ഞു.
എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഗോവിന്ദനോട് കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി ജയരാജന്‍ ഒരു പുസ്തകം എഴുതിയാല്‍ ഇ പി ജയരാജന്റെ കഥകള്‍ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്റെ തിങ്കളാഴ്ച പുറത്തിറങ്ങിയ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയില്‍ ബിജെപിക്കെതിരായ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. തന്റെ മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചിരുന്നെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതായും ജയരാജന്‍ പറയുന്നു. എറണാകുളത്ത് വിവാഹച്ചടങ്ങില്‍വെച്ച് അവര്‍ മകനെ പരിചയപ്പെടുകയും ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. ഒന്നുരണ്ടുതവണ അവനെ വിളിച്ചു. അവന്‍ ഫോണെടുത്തില്ല. സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നതെന്ന് മനസ്സിലാക്കിയായിരുന്നു അത്. ബിജെപി നേതാവ് പ്രകാശ്ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് മകനെ ബിജെപി നേതാവ് ബന്ധപ്പെട്ട കാര്യം ജയരാജന്‍ പറയുന്നത്.
അവിചാരിതമായാണ് ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കര്‍ തന്നെ വന്നുകണ്ടതെന്ന് ജയരാജന്‍ ആത്മകഥയില്‍ പറയുന്നു. കേരളത്തിലെ ബിജെപിയുടെ ചുമതലയേറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും കാണുന്നതിന്റെ ഭാഗമായുള്ള അനൗപചാരിക കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. ബിനോയ് വിശ്വം, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി പലരെയും കണ്ടതായും പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇതെടുത്തിട്ടത് ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്ന് ജയരാജന്‍ ചോദിക്കുന്നു. പ്രകാശ് ജാവദേക്കര്‍ മകന്റെ വീട്ടിലേക്ക് കയറിവന്നത് തന്നെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ചര്‍ച്ചയുടെ ഭാഗമായാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പിന്നെയും കഥകളുണ്ടാക്കി. ശോഭാ സുരേന്ദ്രനാണ് അതിലൊരാള്‍, ജയരാജന്‍ പറയുന്നു.
ആത്മകഥയിലെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ രംഗത്തുവന്നു. പുസ്തകം വായിച്ചിരുന്നെങ്കില്‍ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കില്‍ കണ്ണൂരില്‍ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആത്മകഥയിലെ ഇ പി ജയരാജന്റെ വിമര്‍ശനത്തില്‍ പ്രതികരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിവാദത്തില്‍ നേതൃത്വം കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിമര്‍ശനം.
ഇപി ജയരാജന്റെ ആത്മകഥയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനമുണ്ട്. വൈദേകം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നും പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നുമാണ് വിമര്‍ശനം.
ദിവസങ്ങളോളം വാര്‍ത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചത്. ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകതയില്‍ ചൂണ്ടിക്കാട്ടുന്നു.
