പിഎം ശ്രീ പിബി യോഗം ചര്‍ച്ച ചെയ്‌തോയെന്ന് ചോദ്യം, 'പത്രപ്രവര്‍ത്തകനായിട്ട് എത്ര നാളായി?' എന്ന് മറുചോദ്യം; ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ വച്ചാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായത്. പത്രപ്രവര്‍ത്തകനായിട്ട് എത്ര നാളായി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ചോദിച്ചത്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ച യോഗത്തില്‍ നടന്നോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവക്കാന്‍ കേരളം കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ഇതിനു ശേഷം നടക്കുന്ന ആദ്യ പിബി യോഗത്തിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പിഎം ശ്രീമരവിപ്പിക്കുന്നതിന് കത്തയക്കുന്നകാര്യത്തിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എല്‍ഡിഎഫ് തീരുമാനം അക്ഷരം പ്രതി നടപ്പാക്കപ്പെടുമെന്നും കത്ത് നല്‍കാന്‍ പ്രത്യേകം മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ അറിവോ ചര്‍ച്ചകളോ ഇല്ലാതെയായിരുന്നു പിഎം ശ്രീയുമായി ബന്ധപ്പെട്ട പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതേതുടര്‍ന്ന്, സി.പിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായി ചര്‍ച്ച നടത്തുകയും പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കുകയും ചെയ്തിരുന്നു. സിപിഐ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
