ഫസല്‍, അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍; കാരായി ചന്ദ്രശേഖരന്‍ തലശേരിയിലും സുരേശന്‍ പട്ടുവത്തും ജനവിധി തേടും; നഗ്‌നഫോട്ടോ അയച്ചതിന് സംഘടനാ നടപടി നേരിട്ടയാളും മത്സരിക്കും

Update: 2025-11-14 17:06 GMT

കണ്ണൂര്‍: ഫസല്‍ വധക്കേസ് എട്ടാം പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂര്‍ വധക്കേസ് 28ാം പ്രതി പി.പി. സുരേശനും സിപിഎം സ്ഥാനാര്‍ഥികള്‍. തലശ്ശേരി നഗരസഭ 16-ാം വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. പട്ടുവം പഞ്ചായത്ത് പതിനാലാം വാര്‍ഡിലാണ് സുരേശന്‍ മത്സരിക്കുന്നത്. കൊലക്കേസ് പ്രതിയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് വിവാദമായിട്ടുണ്ട്.

ഫസല്‍ വധക്കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ടത്. കേസിലെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ഇതിനുപിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരന്‍ കാരായി രാജനും തലശേരിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഷുക്കൂര്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സുരേശനെതിരെ കേസെടുത്തത്. ഷുക്കൂര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നഗ്‌നഫോട്ടോ അയച്ചതിന്റെ പേരില്‍ സംഘടനാ നടപടി നേരിട്ടയാളും കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി. പയ്യന്നൂര്‍ നഗരസഭ ഏഴാം വാര്‍ഡിലാണ് മുന്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. നഗ്ന ഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തുണ്ടായ കയ്യാങ്കളിയില്‍ സിപിഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും ആണ് പരുക്കേറ്റത്. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. സജീവന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന് പിന്നില്‍ ബാലകൃഷ്ണനും കുടുംബവും ആണെന്ന് ആരോപിച്ച് ആയിരുന്നു അക്രമം.

തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടി വച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ, സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ അനുവദിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റുമാര്‍ നിലപാട് എടുക്കുകയായിരുന്നു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രമേശ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സേവ്യര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം തടഞ്ഞത്. സമവായ നീക്കം തുടരുകയാണ്.

Similar News