സര്‍ക്കാരിന്റെ കണ്ണ് ഭക്തരുടെ കാണിക്കയിലും വിലപിടിപ്പുള്ള സമ്പത്തിലും; കെ. ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ശബരിമല. മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ കാത്തു നിന്ന ശേഷവും ദര്‍ശനം കിട്ടാതെ നൂറുകണക്കിനു തീര്‍ഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവര്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയില്‍ കേന്ദ്ര സേനയുടെ സേവനം ശബരിമലയില്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ല. ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസ് സംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ല.
കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീര്‍ഥാടകരെ സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആര്‍ടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലില്‍ തീര്‍ഥാടകരെ മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്നത്.
ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. യുവതീ പ്രവേശനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിന്നീടു ദേവന്റെ സ്വത്തായ സ്വര്‍ണം കവര്‍ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്‍ഥാടന കാലത്ത് അപകടകരമായ തരത്തില്‍ തീര്‍ഥാടകരെ കടത്തിവിട്ട് വീണ്ടും വന്‍ പ്രതിസന്ധിയാണു സൃഷ്ടിച്ചത്
ശബരിമലയുടെ കാര്യത്തില്‍ നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തികഞ്ഞ പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. ആചാര ലംഘനങ്ങളിലും സ്വര്‍ണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീര്‍ഥാടനം ആകെ തകര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി മുന്‍കൈ എടുത്ത് വിദഗ്ദ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണമെന്നും, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
