തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ മാറ്റി; കുട്ടന്‍കുളങ്ങരയില്‍ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ ഡോക്ടര്‍ വി ആതിര പിന്മാറി; നൃത്ത അധ്യാപികക്ക് സാധ്യത; സ്ഥാനാര്‍ത്ഥി മോഹികളുടെ കലഹം തുടരുന്നു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ബിജെപി. തൃശൂര്‍ കോര്‍പ്പറേഷനില്‍ കുട്ടന്‍കുളങ്ങരയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ആണ് മാറ്റുന്നത്. ഡോക്ടര്‍ വി ആതിര മത്സരിക്കുവെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആതിര അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി മാറ്റം. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികക്കാണ് സാധ്യത. അതേസമയം, കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ കലഹം തുടരുകയാണ്. ഡിവിഷനിലുള്ള രണ്ടു വനിതാ നേതാക്കള്‍ക്കായാണ് കലഹം തുടരുന്നത്. നിലവില്‍ പുറത്തുനിന്നുള്ള മുതിര്‍ന്ന വനിതാ നേതാവിനെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പൂങ്കുന്നം കൗണ്‍സിലറായിരുന്ന ഡോക്ടര്‍ വി ആതിരയെ ആണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ ആതിരയെ പിന്‍വലിച്ച് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് പാര്‍ട്ടി നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആതിരയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ഒടുവില്‍ പ്രാദേശിക പ്രതിഷേധത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപിക സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം സിപിഐയില്‍ ചേര്‍ന്ന മുന്‍ ബിജെപി കൗണ്‍സിലര്‍ ഐ ലളിതാംബികയാണ് കുട്ടന്‍കുളങ്ങരയിലെ ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി. തൃശൂര്‍ കോര്‍പറേഷന്‍ കുട്ടന്‍കുളങ്ങര ഡിവിഷനെ പ്രതിനിധീകരിച്ച് 2020 വരെ കൗണ്‍സിലര്‍ ആയിരുന്നു ലളിതാംബിക. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ ബിജെപിക്ക് നഷ്ടമാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാഷ്ട്രീയ രംഗത്തുനിന്നും മാറിനിന്നിരുന്ന ലളിതാംബിക കഴിഞ്ഞ ആഴ്ചയാണ് സിപിഐയില്‍ ചേര്‍ന്നത്. 2020ല്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് കുട്ടന്‍കുളങ്ങരയില്‍ മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ ഗോപാലകൃഷ്ണനെ തോല്‍പ്പിച്ച് യുഡിഎഫ് വിജയിക്കുകയായിരുന്നു.