'കാന്‍ഡിഡേറ്റ് ശരിക്കും മിസ്സാട്ടാ; കര്‍മ ഈസ് ബൂമറാങ്ങ്; നാറാത്തത് ഇനി നാറും'; കുട്ടന്‍കുളങ്ങരയിലെ ബിജെപി സ്ഥാനാര്‍ഥിയെ മാറ്റിയതിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍; എന്താടോ വാര്യരെ നീ നന്നാകാത്തതെന്ന് കമന്റുകള്‍
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ കുട്ടന്‍കുളങ്ങരയില്‍ ബി.ജെ.പി പ്രഖ്യാപിച്ച മേയര്‍ സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഡോ. വി ആതിരയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ മത്സരിപ്പിക്കാനാണ് സാധ്യത. ഇതിനിടെയാണ് ബിജെപി നേതൃത്വത്തെ സന്ദീപ് വാര്യര്‍ പരിഹസിച്ചത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് ഹാരാര്‍പ്പണം നടത്തി മത്സരിക്കാന്‍ അയച്ച മേയര്‍ സ്ഥാനാര്‍ഥിയെ സ്വന്തം പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചതായി സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 'കേരളത്തില്‍ ആദ്യമായി സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തടഞ്ഞ് മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം. കാന്‍ഡിഡേറ്റ് ശരിക്കും മിസ്സാട്ടാ. കര്‍മ ഈസ് ബൂമറാങ്ങ്. നാറാത്തത് ഇനി നാറും' -സന്ദീപ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഇയാളെന്തിനാടോ ഈ ബിജെപി യില്‍ തൂങ്ങി കിടക്കുന്നത്. ഇപ്പൊ അബദ്ധമായി തോന്നുന്നുണ്ട് അല്ലെ. വെറുതെയല്ല, എന്താടോ വാര്യരെ നീ നന്നാകാത്തത് ഇതേ നിന്നോട് പറയാനുള്ളൂ. നിന്നെ ബിജെപി യുടെ കാര്യം നോക്കണേല്‍പ്പിച്ചോ, സന്ദീപ് ജി നിങ്ങളെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആണ് അങ്ങോട്ട് അയച്ചിരിക്കുന്നത് എന്ന് മറക്കരുത് ???? നമ്മുടെ പദ്ധതികള്‍ എന്നും മനസ്സില്‍ ഇരിക്കണം... ഇങ്ങനെ പോകുന്നു സന്ദീപിന്റെ കുറിപ്പിന് ചുവട്ടില്‍ വന്നിരിക്കുന്ന കമന്റുകള്‍
പൂങ്കുന്നം കൗണ്‍സിലറായിരുന്ന ഡോ. വി. ആതിരയെ ആണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആതിരയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇവരെ സ്വീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറല്ല. ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വം ഇപെട്ടിട്ടും പരിഹാരമായില്ല. ഒടുവില്‍ സ്ഥാനാര്‍ഥിയെ മാറ്റാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ഥികളാകാന്‍ ബി.ജെ.പിയില്‍ പാളയത്തില്‍ പട തുടരുകയാണ്. രണ്ടു വനിതാ നേതാക്കള്‍ക്കായാണ് ഇരുവിഭാഗവും പോരടിക്കുന്നത്. അതേസമയം, ആതിര അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ മാറ്റുന്നത് എന്നാണ് ബി.ജെ.പി ഭാഷ്യം. ബി.ജെ.പി വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന മുന്‍ കൗണ്‍സിലര്‍ ഐ. ലളിതാംബികയാണ് കുട്ടന്‍കുളങ്ങരയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി. ഡിവിഷനെ പ്രതിനിധീകരിച്ച് 2020 വരെ കൗണ്‍സിലര്‍ ആയിരുന്ന ലളിതാംബിക കഴിഞ്ഞ ആഴ്ചയാണ് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് 2020ല്‍ ബി.ജെ.പി ഇവരെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കുട്ടന്‍കുളങ്ങരയില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ മത്സരിച്ചെങ്കിലും തോറ്റു. യു.ഡി.എഫ് ആണ് ഇവിടെ വിജയിച്ചത്.
