ബാലറ്റില്‍ പഴയ ടെലിവിഷന്റെ പടം; ആ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് സ്ഥാനാര്‍ഥി; ഇത് മൈക്രോവേവ് ഓവനല്ലെയെന്ന് പുതുതലമുറ

Update: 2025-12-03 09:48 GMT

തിരുവനന്തപുരം: തലയില്‍ ടിവിയും ചുമന്ന് വീടുകള്‍ കയറി വോട്ട് ചോദിക്കുന്ന മാത്യൂസ് ചേട്ടന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കരക്കുളത്ത് യുഡിഎഫിനായി കേരളാ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് മുന്‍ മെമ്പര്‍ കൂടിയായ മാത്യൂസ് മാത്യു പെരുമനങ്ങാട്ട്. തലയിലൊരു ടവ്വലുമിട്ട് അതിന് മുകളിലൊരു ടിവിയും കൂടി ചുമന്നു കൊണ്ടാണ് ഗൃഹസമ്പര്‍ക്കം. ചിഹ്നം പുതിയ എല്‍ഇഡി ടിവിയല്ല. പഴയ ടെലിവിഷന്‍ സെറ്റാണ്. ഭാരമുള്ള ടിവിയും ചുമന്ന് മാത്യൂസ് ചേട്ടന്‍ തന്റെ വാര്‍ഡില്‍ വോട്ട് ചോദിച്ച് മുന്നേറുകയാണ്. എന്നാല്‍ തിരുവനന്തപുരം പാറശാലയില്‍ ഇതേ ചിഹ്നം കിട്ടിയ ഒരു സ്വതന്ത്രന്‍ ആകെ കണ്‍ഫ്യൂഷനിലാണ്. തന്റെ ചിഹ്നം എങ്ങനെ പുതുതലമുറയെ പരിചയപ്പെടുത്തും എന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് അറിയാത്തത്.

ടെലിവിഷന്‍ ചിഹ്നമാണ് സ്ഥാനാര്‍ഥികള്‍ക്കും പുതുതലമുറ വോട്ടര്‍മാര്‍ക്കുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ബാലറ്റില്‍ പഴയ ടെലിവിഷന്റെ പടമാണ് ചിഹ്നമായി രേഖപ്പെടുത്തിയിട്ടുളളത്. ഈ ചിഹ്നം തന്നെയാണ് സ്ഥാനാര്‍ഥികള്‍ പോസ്റ്ററുകളിലും അഭ്യര്‍ഥനകളിലും പ്രിന്റ് ചെയ്യ്തിട്ടുളളത്. എന്നാല്‍ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥി ടെലിവിഷന്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പുതുതലമുറ വോട്ടര്‍മാര്‍ ചിഹ്നം മൈക്രോവേവ് ആണല്ലോ എന്നാണ് മറുചോദ്യം ഉന്നയിക്കുന്നത്.

പുതുതലമുറയിലെ വോട്ടര്‍മാര്‍ക്ക് എണ്‍തുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന വലിയ ടെലിവിഷനെ സംബന്ധിച്ച് അറിവില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. പുതുതലമുറ വോട്ടര്‍മാര്‍ കണ്ടിട്ടുളളത് വീതികുറഞ്ഞ എല്‍ഇഡി, എല്‍സിഡി ടെലിവിഷനുകളെ മാത്രമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുളള ടെലിവിഷന്‍ ചിഹ്നം വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന് സമാനമായിട്ടുളളതാണ്.

പഴയ വലിയ ടെലിവിഷന്‍ പെട്ടികള്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയാണ് ചിഹ്നം മൈക്രോവേവല്ലേയെന്ന് ചോദിച്ച് സ്ഥാനാര്‍ഥികളെ കുഴപ്പിക്കുന്നത്. മൈക്രോവേവ് ഓവനല്ല ഇത് ടെലിവിഷനാണെന്നും ടെലിവിഷനുകളുടെ പരിണാമങ്ങളും പുതുതലമുറ വോട്ടര്‍മാരെ പഠിപ്പിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പല സ്വതന്ത്രസ്ഥാനാര്‍ഥികളും.

Similar News